കടുവപ്പേടിയിൽ നീർവാരവും
പനമരം: മൂന്നാഴ്ചയായി നാടിനെ വിറപ്പിച്ച കടുവയെ വലയിലാക്കാൻ കുറുക്കന്മൂല പ്രദേശത്ത് കാടിളക്കി ഊർജിത ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെ സമീപ്രദേശങ്ങളിലുള്ളവരും കടുവപ്പേടിയിൽ. നീർവാരം, പയ്യമ്പള്ളി, പുതിയിടം പ്രദേശങ്ങളിലുള്ളവരാണ് സന്ധ്യക്കുശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാതെ ഭീതിയിൽ കഴിയുന്നത്.
പയ്യമ്പള്ളിയിലും പുതിയിടത്തുമൊക്കെ കടുവയെത്തിയതോടെ പ്രദേശമാകെ ഭീതിയിലാണ്. കൂടുകളും കാമറകളും സർവ സന്നാഹങ്ങളുമായി വനംവകുപ്പ് ജീവനക്കാരും പൊലീസും നാട്ടുകാരും കടുവയെ പിടികൂടാൻ രാവും പകലും ശ്രമം തുടരുന്നതിനിടെയാണ് സമീപ പ്രദേശങ്ങളിലുള്ളവർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത്. വിദ്യാർഥികളെ സ്കൂളിൽ പറഞ്ഞയക്കാൻ മാതാപിതാക്കൾ ഭയപ്പെടുകയാണിപ്പോൾ. ഒറ്റക്ക് സഞ്ചരിക്കാൻ ആളുകൾ പേടിക്കുന്ന അവസ്ഥയാണ്. ഭയം കാരണം ദൂരദിക്കുകളിൽ ജോലിക്കുപോലും പോകാനാവാത്തരും ഏറെയാണിവിടെ.
ദൈനംദിനജീവിതം ഭയാശങ്കകളില്ലാതെ മുന്നോട്ടുപോകാൻ കുറുക്കന്മൂലയിൽ സ്വൈരവിഹാരം നടത്തുന്ന കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് സമീപ പ്രദേശങ്ങളിലുള്ളവരും ഇപ്പോൾ ആവശ്യമുന്നയിക്കുന്നത്. വനാതിർത്തിയോടു ചേർന്ന നീർവാരം ഹൈസ്കൂൾ പ്രദേശത്ത് ആനശല്യം രൂക്ഷമാകുന്നതിനിടെയാണ് കടുവപ്പേടിയും.
രാത്രിസമയങ്ങളിൽ അടിയന്തരാവശ്യങ്ങൾക്കായി വിളിച്ചാൽ ടാക്സികൾപോലും വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പയർ, പാവക്ക കൃഷികൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന ഒട്ടനവധി പേരാണ് നീർവാരത്തുള്ളത്. വന്യമൃഗശല്യം രൂക്ഷമായതോടെ പലർക്കും കൃഷി ഉപേക്ഷിക്കേണ്ടിവന്നു. വനാതിർത്തിപ്രദേശങ്ങളിലെ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരമില്ലാതെ ജീവിക്കാൻ കഴിയുകയില്ലെന്നാണ് കർഷകരായ നാട്ടുകാരുടെ പരാതി.
ശക്തമായ സമരങ്ങൾക്കൊരുങ്ങി യു.ഡി.എഫ്
മാനന്തവാടി: കടുവ ആക്രമണത്തിൽനിന്ന് ജനങ്ങളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. കടുവ കൊന്ന വളർത്തുമൃഗങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാറും വനംവകുപ്പും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്.
മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിലെ ജനങ്ങൾ 21 ദിവസമായി ഭീതിയിലായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ല. പതിനെട്ടോളം വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊന്നത്. ഇതിന് മതിയായ നഷ്ടപരിഹാരം കൊടുക്കുന്നതിനുപോലും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയിൽ കർഷകർക്ക് വിളവെടുപ്പിന് കഴിയുന്നില്ല. കാപ്പി, നെല്ല് എന്നിവ വിളവെടുപ്പിന് പാകമായിട്ടുണ്ടെങ്കിലും കർഷകരും തൊഴിലാളികളും ഭീതിയിലാണ്.
ഫലപ്രദമായും മികച്ച ഏകോപനത്തിലൂടെയും കടുവയെ പിടിക്കുന്നതിന് കഴിയാതെ വകുപ്പുമേധാവികൾ ജനങ്ങളെ ഭീതിയിലേക്ക് തള്ളിവിടുകയാണ്. ഈ നില തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങും. കാടും നാടും വേർതിരിച്ച് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, അഡ്വ. എൻ.കെ. വർഗീസ്, പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, സി.കെ. രത്നവല്ലി, പി.വി.എസ്. മൂസ, ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, എ.എം. നിഷാന്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.