ആളൊഴിഞ്ഞ് മുത്തങ്ങ വന്യജീവി സങ്കേതം

സുൽത്താൻ ബത്തേരി: ഓണക്കാലമായാൽ നൂറുകണക്കിന് സഞ്ചാരികൾ എത്തിയിരുന്ന മുത്തങ്ങ ഇപ്പോൾ വിജനം. കഴിഞ്ഞയാഴ്ച സഞ്ചാരികൾക്കായി നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് ഇവിടെയെത്തിയത്. കോവിഡ് വിനോദ സഞ്ചാര മേഖലയെ തകിടം മറിച്ചുവെന്നതിന് മുത്തങ്ങ തെളിവാകുകയാണ്.

ഡി.ടി.പി.സിക്കു കീഴിലുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തമാസം തുറക്കാനിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും സഞ്ചാരികളുടെ എണ്ണം കാര്യമായി വർധിക്കാൻ ഇടയില്ലെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. വനയാത്രക്കും ആനസങ്കേതം കാണാനുമാണ് ഇവിടെ സഞ്ചാരികൾ ഏറെ എത്തിയിരുന്നത്.വനത്തിലൂടെയുള്ള ജീപ്പ് സവാരിയും ഒട്ടേറെയാളുകളെ ആകർഷിച്ചിരുന്നു. സഞ്ചാരികൾക്കായി താമസസൗകര്യവുമുള്ളതിനാൽ അന്യ സംസ്​ഥാനങ്ങളിൽ നിന്നും എല്ലാ വർഷവും ഇവിടെ ഏറെ ആളുകൾ എത്തിയിരുന്നു.

ഏറുമാടത്തിലെ താമസമാണ് പ്രത്യേകത. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും രാവിലെ ഇവിടെയെത്തി വൈകീട്ട് തിരിച്ചുപോകുന്നവർ ഓണക്കാലത്ത് ധാരാളമായിരുന്നു.കോവിഡ് കാരണം അടച്ചിട്ട വന്യജീവി സങ്കേതം ആറുമാസത്തെ ഇടവേളക്കുശേഷമാണ് തുറന്നത്. 50ൽ താഴെ ആളുകൾ മാത്രമാണ് ഇത്തവണ കാനന സഞ്ചാരത്തിനെത്തിയത്.

ആന, കാട്ടുപോത്ത്, പുള്ളിപ്പുലി, കരടി, കാട്ടുപൂച്ച, മാൻ, കടുവ, കുരങ്ങുകൾ എന്നിവയൊക്കെയാണ് മുത്തങ്ങയിലെ സവിശേഷ കാഴ്ചകൾ. വിവിധ ഇനത്തിൽപെട്ട പക്ഷികളും ഇവിടെയുണ്ട്. നൂറുകണക്കിന് അപൂർവയിനം സസ്യങ്ങളുടെ കലവറയാണ് ഇതെന്നും സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു. കർണാടകയിലെ നാഗർഗോള, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളും തമിഴ്നാട്ടിലെ മുതുമലയും മുത്തങ്ങയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മുത്തങ്ങ ഉൾപ്പെടുന്ന വന മേഖലക്ക് 345 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.