ചിറക്കര ജനവാസ മേഖലയിലിറങ്ങിയ കാട്ടാന
മാനന്തവാടി: തേയിലത്തോട്ടം മേഖലയായ ചിറക്കരയുടെ ഉറക്കം കെടുത്തി കാട്ടാന. നിരന്തരം ഈ ജനവാസമേഖലയില്‍ ആനയിറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. തിങ്കളാഴ്ച സന്ധ്യക്ക് തേയില ഫാക്ടറിക്കു സമീപമെത്തിയ ആന പ്രദേശവാസികളെ മുൾമുനയിലാക്കി.
രണ്ടു മണിക്കൂറോളമാണ് ആന തേയില ഫാക്ടറിക്കു പിറകുവശത്ത് നിലയുറപ്പിച്ചത്. രാത്രി ഒമ്പതോടെ വനംവകുപ്പും നാട്ടുകാരും സംയുക്തമായി ആനയെ പടക്കം പൊട്ടിച്ച് കാടുകയറ്റി. വനാതിര്‍ത്തിയില്‍ നിലയുറപ്പിക്കുന്ന ആന വൈദ്യുതി വേലി തകര്‍ത്താണ് ചിറക്കര ഭാഗത്ത് നിരന്തരം എത്തുന്നത്. വനംവകുപ്പും നാട്ടുകാരും പിന്‍വാങ്ങുമ്പോള്‍ ആന ജനവാസമേഖലയിലേക്കെത്തും.
ആനക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വനംവകുപ്പ് നിഗമനം. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ നിരവധി തവണയാണ് ആന ചിറക്കര ജനവാസമേഖയിലെത്തിയത്. ആനയെ ഓടിക്കുന്നതിനിടയില്‍ നാട്ടുകാരെ ആക്രമിക്കാനും ആന ശ്രമിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടും ആന പ്രദേശത്തെത്തിയിരുന്നു. പ്രദേശത്തെ വീടുകളിലെ പ്ലാവ്, മാവ്, തെങ്ങ്, കപ്പ, കാപ്പി ഉള്‍പ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ ആന ഇറങ്ങുന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
സ്കൂള്‍, മദ്റസ വിദ്യാര്‍ഥികളും മറ്റു കാല്‍നട യാത്രക്കാരും സ്ഥിരമായി സഞ്ചരിക്കുന്ന വഴിയാണ് ആനയുടെ സഞ്ചാരപഥമെന്നത് ആശങ്ക വർധിപ്പിക്കുന്നു. അടിയന്തരമായി ആന ശല്യത്തിന് പരിഹാരം കാണണമെന്ന ശക്തമായ ആവശ്യത്തിലാണ് പ്രദേശവാസികള്‍.
സുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ നമ്പിക്കൊല്ലിയിൽ കാട്ടാനക്കൂട്ടം. തിങ്കളാഴ്ച രാത്രിയെത്തിയ കാട്ടാനകൾ ചൊവ്വാഴ്ച ഉച്ചയായിട്ടും തിരിച്ചുപോകാതെ കണ്ണങ്കോട് വയലിൽ തമ്പടിക്കുകയായിരുന്നു. മൂന്ന് കൊമ്പനാനകളാണ് വയലിലൂടെ മേഞ്ഞുനടന്നത്.
വനംവകുപ്പ് തുരത്താൻ ശ്രമിച്ചതോടെ ആനകൾ പരക്കം പാഞ്ഞു. വയലിൽ മേയാൻ കെട്ടിയ പശുക്കൾക്കു നേരെയും പാഞ്ഞടുത്തു. ആനകളെ കാണാൻ കണ്ണംകോട് വയൽക്കരയിൽ നിരവധി നാട്ടുകാരെത്തിയിരുന്നു.
ആനകളുടെ ഓട്ടത്തിൽ നാട്ടുകാർക്കും ചിതറി ഓടേണ്ടിവന്നു. വൈകീട്ടോടെ കൊമ്പന്മാർ കാടിനടുത്തേക്ക് പോയതായാണ് വനം അധികൃതർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.