'അഴിയുമോ, ഈ കുരുക്ക് എന്നെങ്കിലും'? മാനന്തവാടി ടൗണിൽ ദിനംതോറും വർധിച്ച് ഗതാഗതപ്രശ്നം

മാനന്തവാടി: അഴിയുമോ ഈ കുരുക്ക് എന്നെങ്കിലും..? ഈ ചോദ്യം ഉന്നയിക്കുന്നത് മാനന്തവാടിയിൽ എത്തുന്ന യാത്രക്കാരാണ്. ഗതാഗത ഉപദേശക സമിതി തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടതാണ് ഇപ്പോൾ മാനന്തവാടിയിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പ്രധാന കാരണം. സ്വകാര്യ ബസുകൾ നിരങ്ങിനീങ്ങി ആളുകളെ കയറ്റി പോകുന്നതാണ് കോഴിക്കോട് റോഡിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം. മൈസൂരു റോഡിൽനിന്നും വള്ളിയൂർക്കാവ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വലിയ വാഹനങ്ങൾ തിരിക്കാനുള്ള പ്രയാസം മൂലം ബ്ലോക്ക് പഞ്ചായത്ത് റോഡിൽ ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്.

നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. നഗരത്തിൽ എവിടെ നോക്കിയാലും നോ പാർക്കിങ് ബോർഡുകൾ മാത്രമാണ് കാണാനുള്ളത്. നഗരസഭയിൽ പുതിയ ഭരണസമിതി നിലവിൽ വന്നിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ രണ്ട് തവണ മാത്രമാണ് ഗതാഗത ഉപദേശക സമിതി യോഗം ചേർന്നത്. യോഗ തീരുമാനങ്ങൾ തന്നെ പൊലീസും സ്വകാര്യ ബസുകാരും അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. മഴക്കാലത്തിന് മുന്നോടിയായി ഓടകൾ വൃത്തിയാക്കുന്നതിൻറെ ഭാഗമായി ഇളക്കിയിട്ട സ്ലാബുകൾ യഥാസമയം പുന:സ്ഥാപിക്കാത്തത് കാൽനട യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മുമ്പ് ചേർന്ന ഗതാഗത ഉപദേശക സമിതി ഗതാഗത പരിഷ്കരിക്കുന്നത് പഠിക്കാൻ ഉപസമിതി രൂപീകരിച്ചിരുന്നു. ഈ സമിതി പേരിന് പോലും യോഗം ചേർന്നിട്ടില്ലെന്നാണ് അറിയുന്നത്. മുമ്പ് സബ് കലക്ടർ ഉപദേശക സമിതി ചെയർമാൻ ആയിരുന്ന കാലത്ത് എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തിയിരുന്നു. ചെയർമാൻ സ്ഥാനം നഗരസഭ ചെയർപേഴ്സന് കൈമാറിയതോടെ പൊലീസ് ഗതാഗത നിയന്ത്രണം വഴിപാടായി മാറ്റി. ഇത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് നഗരത്തിൽ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ്. അടിയന്തരമായി ഗതാഗത ഉപദേശക സമിതി യോഗം വിളിച്ച് ചേർത്ത് നിലവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags:    
News Summary - Traffic congestion in Mananthavady town is increasing day by day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.