മാനന്തവാടി: പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാൽ വീര്‍പ്പുമുട്ടി മാനന്തവാടി നഗരം. വിവിധ ആവശ്യങ്ങൾക്ക് വാഹനവുമായി നഗരത്തിലെത്തുന്നവര്‍ വലയുകയാണ്. കോഴിക്കോട് റോഡില്‍ ഒരു സ്വകാര്യ പാര്‍ക്കിങ് കേന്ദ്രം മാത്രമാണ് നിലവിലുള്ളത്. സൗകര്യങ്ങള്‍ ഒരുക്കേണ്ട നഗരസഭ അധികൃതരാകട്ടെ ഇത് കണ്ടില്ലെന്നുനടിക്കുകയുമാണ്.
വാഹന പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി പലരും മാനന്തവാടി പട്ടണത്തെ ഒഴിവാക്കി സമീപപ്രദേശങ്ങളിലെ കച്ചവട കേന്ദ്രങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുമുണ്ട്. അതോടൊപ്പം അനധികൃത പാര്‍ക്കിങ്ങും നഗരത്തില്‍ തകൃതിയാണ്. പ്രധാനപ്പെട്ട മെഡിക്കല്‍ കോളജ് റോഡിലാണ് ഏറ്റവും കൂടുതല്‍ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. രോഗികളേയുംകൊണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങള്‍ സഞ്ചരിക്കേണ്ടതിനാല്തന്നെ ഈ ഭാഗത്ത് അനധികൃത പാര്‍ക്കിങ് മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്ക് രോഗികളുടെ ജീവൻതന്നെ അപകടത്തിലാക്കും.
മാനന്തവാടി ഗവ. യു.പി സ്കൂള്‍, വില്ലേജ് ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ്, പി.ഡബ്ല്യു.ഡി ഓഫിസ് എന്നിവയുടെ മുന്‍വശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാൽ ഇതിലൂടെ സഞ്ചരിക്കുന്ന സ്കൂൾ വിദ്യാര്‍ഥികള്‍ക്കും മറ്റു കാല്‍നടക്കാര്‍ക്കും ദുരിതമാണ്. ട്രാഫിക് പൊലീസ് പരിശോധന നാമമാത്രമായതിനാല്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടികളുമുണ്ടാകാറില്ല. നഗരസഭ അധികൃതര്‍ ആവശ്യമായ പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.