representational image
മാനന്തവാടി: സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 74 ലക്ഷം രൂപ ഉപയോഗിച്ച് ജില്ല ആശുപത്രിയില്‍ സ്ഥാപിച്ച് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ഓക്സിജന്‍ ജനറേറ്റര്‍ പ്ലാൻറില്‍നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച ഓക്സിജന്‍ ഉൽപാദനമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
പ്ലാൻറ് സ്ഥാപിച്ച കമ്പനി ഒരു ദിവസം 56 സിലിണ്ടര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് കഴിയുമെന്നാണ് ഉറപ്പുനല്‍കിയതെന്ന് അധികൃതർ പറയുന്നു. എന്നാല്‍, ഇപ്പോള്‍ അതിെൻറ പകുതി ഉല്പാദനം മാത്രമേ നടക്കുന്നുള്ളൂ. ഒരു മിനിറ്റില്‍ 260 ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് ശേഷിയുള്ള പ്ലാൻറാണ് ആശുപത്രിയില്‍ സ്ഥാപിച്ചത്.
മിനിറ്റില്‍ 130 ലിറ്റര്‍ ഓക്സിജനാണ് ലഭിക്കുന്നത്. ഇതുസംബന്ധിച്ച് പലതവണ കമ്പനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടും ഉൽപാദനം കൂട്ടാൻ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 14ന് മന്ത്രി കെ.കെ. ശൈലജയാണ് പ്ലാൻറ് ഉദ്ഘാടനം ചെയ്തത്. ഈ ദുർഗതി സർക്കാറിനും തിരിച്ചടിയായി.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ സി കാറ്റഗറിയില്‍ വരുന്ന രോഗികള്‍ക്ക് പ്രതിദിനം 70നും 100നുമിടയിലാണ് സിലിണ്ടറുകള്‍ ആവശ്യമായിവരുന്നത്. ഇതില്‍ പകുതിയിലധികം രോഗികളും കൂടുതല്‍ അളവില്‍ ഓക്സിജന്‍ ആവശ്യമുള്ളവരാണ്. ആശുപത്രിയിലെ മറ്റ് അടിയന്തര ശസ്ത്രക്രിയക്കും ഓക്സിജന്‍ ആവശ്യമാണ്.
നിലവിലെ സാഹചര്യത്തില്‍ സിലിണ്ടറുകളുടെ എണ്ണം മതിയാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട്, കല്പറ്റ, ബത്തേരി എന്നിവിടങ്ങളില്‍നിന്ന് സിലിണ്ടറുകള്‍ പ്ലാൻറില്‍ എത്തിക്കുന്നുണ്ട്. പാലക്കാട്, കാഞ്ചിക്കോട് നിന്നും ഒരു ടാങ്കര്‍ ഓക്സിജന്‍ കഴിഞ്ഞ ദിവസം പ്ലാൻറില്‍ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.