പഞ്ചാരക്കൊല്ലി നിവാസികൾ പൊലീസിനും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും
മധുരം നൽകുന്നു
മാനന്തവാടി: പഞ്ചാരക്കൊല്ലിക്കാർക്ക് നാളുകളായി ഉറക്കമില്ലായിരുന്നു. സ്ത്രീയെ കൊന്ന് ശരീരഭാഗം ഭക്ഷിച്ച കടുവ അടുത്തെവിടെയോ ഉണ്ടെന്ന യാഥാർഥ്യം അവരെ അത്രമേൽ ആശങ്കയിലാക്കിയിരുന്നു. കടുവയെ ചത്തനിലയിൽ കണ്ടെത്തിയതോടെ പഞ്ചാരക്കൊല്ലിക്കാർക്ക് ഇനി ആശ്വാസത്തോടെ ഉറങ്ങാം. അവർ വനം ജീവനക്കാർക്കും മറ്റുള്ളവർക്കും സന്തോഷത്താൽ മധുരം നൽകി. വെള്ളിയാഴ്ച രാവിലെ പ്രദേശവാസിയായ തറാട്ട് രാധയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചത് മുതൽ തിങ്കളാഴ്ച രാവിലെ വരെ പഞ്ചാരക്കൊല്ലി, പിലാക്കാവ് പ്രദേശവാസികൾ ഭീതിയിലായിരുന്നു. ശനിയാഴ്ച പഞ്ചാരക്കൊല്ലിയിലെ പ്രദേശവാസിയായ നൗഫലിന്റെ വീടിന് പിന്നിൽ കടുവയെ കണ്ടതായി വാർത്ത പരന്നതോടെ ആശങ്ക വർധിച്ചു.
ഞായറാഴ്ച രാവിലെ കടുവ തെരച്ചിലിനിടയിൽ ആർ.ആർ.ടി അംഗത്തിനെ കടുവ ആക്രമിച്ചതോടെ പ്രദേശത്ത് ഭീതി ഇരട്ടിയായി. ഏതുനിമിഷവും മുന്നിൽ പ്രത്യക്ഷപ്പെടുന്ന നരഭോജി കടുവയെ ഭയന്നിരിക്കുകയായിരുന്നു പ്രദേശവാസികൾ. കടുവയെ പിടികൂടാൻ തിങ്കൾ രാവിലെ മുതൽ 48 മണിക്കൂർ സമയത്തേക്ക് കർഫ്യു കൂടി പ്രഖ്യാപിച്ചതോടെ ഭയം ഏറി.
എന്നാൽ, തിങ്കളാഴ്ച രാവിലെതന്നെ കടുവയുടെ ജഡം കണ്ട വാർത്ത പരന്നതോടെ കടുവയുടെ ജഡം കാണാൻ ആളുകൾ കൂട്ടമായെത്തി. കടുവ ചത്തെന്ന് ഉറപ്പിച്ചതോടെ ആശങ്ക ആഹ്ലാദത്തിന് വഴിമാറി. നാട്ടുകാർ ഒന്നടങ്കം പ്രിയദർശിനി എസ്റ്റേറ്റ് കവാടത്തിനും, ബേസ് ക്യാമ്പിനു സമീപത്തും തടിച്ച് കൂടുകയായിരുന്നു. ദിവസങ്ങളായി തങ്ങളുടെ ഉറക്കം കെടുത്തിയ കടുവയെ കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള തിരക്കിലായിരുന്നു. തങ്ങളുടെ ജീവൻ രക്ഷിച്ച വനം വകുപ്പിനും ആർ.ആർ.ടി സംഘത്തിനും പൊലീസിനും അഭിവാദ്യമർപ്പിച്ച് മുദ്രവാക്യം മുഴക്കുകയും പടക്കം പൊട്ടിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.