കടുവയെ കണ്ടെത്തുന്നതിന് ഡ്രോൺ ഉപയോഗിച്ച് വനഭാഗങ്ങളിൽ നിരീക്ഷണം നടത്തുന്നു
മാനന്തവാടി: തലപ്പുഴ മേഖലയിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതായി നാട്ടുകാർ. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44 മൈൽ ഭാഗങ്ങളിലായാണ് കടുവയുടെ സാന്നിധ്യമുള്ളത്. ഞായറാഴ്ച രാവിലെ 9.45ഓടെ മത്സ്യ മാംസ മാർക്കറ്റിനോട് ചേർന്ന് സ്വകാര്യ തോട്ടത്തിലാണ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരും പൊലീസും തിരച്ചിൽ തുടങ്ങി.
കഴിഞ്ഞ ദിവസം കമ്പി പാലം ഇടിക്കര റോഡിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇവിടെ വനം ജീവനക്കാരെ നിരീക്ഷണത്തിനായി നിയോഗിച്ചു. കൂടാതെ രാത്രികാല പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്. കമ്പിപ്പാലം, കണ്ണോത്ത് മല, 44 മൈൽ ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് പരിശോധന ശക്തമാക്കി. ഞായറാഴ്ച രാവിലെ 10ഓടെ കമ്പിപ്പാലം ഭാഗത്ത് പുല്ലുവെട്ടാൻ പോയവർ പുഴയരികിൽ കടുവയെ കണ്ടുവെന്ന വിവരമറിയിച്ചതിനെത്തുടർന്ന് മാനന്തവാടി ആർ.ആർ.ടി, പേരിയ, ബെഗുർ റേഞ്ചുകളിലെ 30ഓളം വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തി.
പുതുതായി 14 കാമറ ട്രാപ്പുകളും രണ്ട് ലൈവ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വനത്തിനടുത്ത പ്രദേശങ്ങളിലാണ് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്. തുടർ പരിശോധനയുടെ ഭാഗമായി ഡ്രോണുപയോഗിച്ച് വന ഭാഗങ്ങളിൽ നിരീക്ഷണം തുടരും. രാത്രികാല പരിശോധനയും പട്രോളിങ്ങും ഈ ഭാഗങ്ങളിൽ തുടരും. ജനങ്ങൾ സഹകരിക്കണമെന്നും രാത്രികാലങ്ങളിൽ ഒറ്റക്കുള്ള യാത്ര ഒഴിവാക്കണമെന്നും നോർത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.