മാനന്തവാടി: സംസ്ഥാനത്തെ മികച്ച ഗ്രാമീണ ഗ്രന്ഥശാലക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ എൻ.ഇ. ബാലറാം പുരസ്കാരം, വയനാട് എടവക ഗ്രാമപ്പഞ്ചായത്തിലെ കമ്മന കാവനക്കുന്ന് അക്ഷരജ്യോതി ഗ്രന്ഥാലയം കരസ്ഥമാക്കി. 1999ൽ പ്രവർത്തനമാരംഭിച്ച ഗ്രന്ഥാലയം, വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. കല, കായിക, സാമൂഹിക, സാംസ്കാരിക, സാന്ത്വന മേഖലകളിലായി നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
സ്നേഹസ്പർശം എന്ന പേരിൽ നിർധനരോഗികളെ സഹായിക്കുന്ന പദ്ധതി, ജില്ല ബ്ലഡ് ബാങ്കുമായി സഹകരിച്ചുള്ള രക്തദാനക്യാമ്പുകൾ,ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, കാർഷിക സെമിനാറുകൾ, പുസ്തക ചർച്ചകൾ, ദിനാചരണങ്ങൾ എന്നിവ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങളാണ്. പ്രളയകാല ദുരിതാശ്വാസപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കായികവേദി, കലാവേദി, കാർഷികവേദി, അക്ഷരസേന തുടങ്ങിയവ സജീവമാണ്. ഷട്ടിൽ കോർട്ട്, റീഡിങ് ഹാൾ എന്നിവയും ഗ്രന്ഥാലയത്തിനുണ്ട്. പ്രഥമ പ്രസിഡന്റ് എ.കെ. ബാബു ഐക്കരക്കുടിയും പ്രഥമ സെക്രട്ടറി പി.ജെ. മത്തായി പൂക്കാട്ടുമായിരുന്നു.
ജിൽസൺ തൂപ്പുംകര പ്രസിഡന്റും ഷിജു അബ്രഹാം സെക്രട്ടറിയും ഐ.ജെ. പൗലോസ് ലൈബ്രേറിയനുമായ പതിനൊന്നംഗ കമ്മിറ്റിയാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.