മാനന്തവാടി: നീണ്ട ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും കോവിഡ്. രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നിട്ടുണ്ട്. ഈ മാസം ഇതുവരെ ജില്ലയിൽ 18 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ രോഗം സ്ഥിരീകരിച്ച ഏഴുപേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഒരാൾ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ബത്തേരി സ്വദേശിയായ 29കാരനാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.
ഇയാളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മാനന്തവാടി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് പ്രവർത്തനം തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ ഒമിക്രോൺ ജെ.എൻ.ഒന്നിന്റെ വകഭേദമായ എൽ.എഫ്-ഏഴ് ആണ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കോവിഡ്-19 പ്രോട്ടോകോൾ പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗലക്ഷണമുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. കോവിഡ് 19 ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റിൽ നെഗറ്റിവാകുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാകണം. ചുമ, തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം എന്നീ രോഗങ്ങളുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെങ്കിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ജില്ലയിൽ രോഗലക്ഷണം കാണിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർഥിച്ചു.
തീവ്രത കുറവ്, വ്യാപനശേഷി കൂടുതൽ
കൽപറ്റ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വർധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ടി. മോഹന്‍ദാസ് അറിയിച്ചു. ജില്ലയില്‍ ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഏഴ് കോവിഡ് കേസുകള്‍ ജില്ലയിലുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാല്‍ അധികം ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം.
ആശുപത്രികള്‍, അങ്ങാടികള്‍, കൂടുതല്‍ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കണം. കൈകള്‍ സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം. സാമൂഹിക അകലം പാലിക്കുകയും ചുമക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ആശുപത്രികളിലെ രോഗീസന്ദര്‍ശനങ്ങള്‍ അത്യാവശ്യത്തിന് മാത്രമാക്കുക. ചികിത്സക്കായി ആശുപത്രികളില്‍ പോകുന്നവര്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കല്‍ എന്നിവ ശ്രദ്ധിക്കണം.
മറ്റു രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ കോവിഡ് വകഭേദം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ എസ്.എം.എസ് (സോപ്പ്, മാസ്ക്, സാമൂഹിക അകലം) എന്നിവയില്‍ വിട്ടുവീഴ്ച വരുത്തരുത്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.