നല്ലൂര്‍നാട് എം.ആർ.എസ് ഹോസ്റ്റല്‍ കെട്ടിടം

സ്‌കൂൾ ഹോസ്റ്റല്‍ കെട്ടിടം ശോച്യാവസ്ഥയിൽ; വിദ്യാർഥികൾക്ക് ജീവിതം ദുരിതം

മാനന്തവാടി: ജില്ലയിലെ പ്രധാന മോഡൽ റെസിഡന്‍ഷ്യല്‍ സ്‌കൂളായ നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡൽ റെസിഡന്‍ഷ്യല്‍ സ്‌കൂൾ ഹോസ്റ്റല്‍ കെട്ടിടം ശോച്യാവസ്ഥയില്‍. 1990കളില്‍ നിർമിച്ച റസിഡൻഷ്യൽ സ്കൂളിൽ 400ല്‍ അധികം ഗോത്ര വിദ്യാർഥികള്‍ താമസിച്ചു പഠിക്കുന്നുണ്ട്. ഇവിടെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയിട്ട് വര്‍ഷങ്ങളായി. പരിസരമാകെ വൃത്തിഹീനമായി കിടക്കുകയാണ്.

സ്‌കൂളില്‍ 80 ശതമാനം വിദ്യാര്‍ഥികള്‍ പട്ടിക വര്‍ഗത്തില്‍പ്പെടുന്നവരാണ്. പത്ത് ശതമാനം വീതം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും ജനറല്‍ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.

ആദിവാസി വിദ്യാർഥികളുടെ സമഗ്രമായ വിദ്യാഭ്യാസ മികവ് ലക്ഷ്യംവെച്ച് നടത്തുന്ന സ്‌കൂളാണിത്. ഗോത്ര ഊരുകളിലെ ശോച്യാവസ്ഥയില്‍ നിന്ന് മികച്ച രീതിയിലുള്ള താമസം, ഭക്ഷണം എന്നിവ ഉറപ്പുനല്‍കിയാണ് ഈ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്.

എന്നാല്‍, ഹോസ്റ്റലിലെ ഭൗതിക സാഹചര്യം ദയനീയമാണ്. ആദിവാസി കോളനികളിൽ നിന്ന് വ്യത്യസ്തമായി മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചെത്തുന്ന കുട്ടികള്‍ക്ക് നല്ല ഭൗതിക സാഹചര്യം ഒരുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ 16 കുട്ടികള്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഹോസ്റ്റല്‍ കെട്ടിടം നവീകരണത്തിന് 1.18 കോടി

കൽപറ്റ: നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ കെട്ടിടം നവീകരിക്കുന്നതിന് 1,18,50,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ഹോസ്റ്റല്‍, അടുക്കള, മെസ്സ് ഹാള്‍ എന്നിവ അടങ്ങിയ കെട്ടിടമാണ് നവീകരിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുമായി രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങളാണ് സ്‌കൂളിലുള്ളത്. അതില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റല്‍ കെട്ടിടമാണ് നവീകരിക്കുന്നത്. 210 കുട്ടികളാണ് ഇവിടെ താമസിച്ച് പഠനം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ മൂന്ന് ബാച്ചുകളിലായി 250 കുട്ടികള്‍ താമസിച്ചു പഠിക്കുന്നുണ്ട്.

ജില്ല നിർമിതി കേന്ദ്രയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി നവീകരണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഹോസ്റ്റൽ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണമെന്നും കുട്ടികള്‍ക്ക് വൃത്തിയുള്ള ശുചിമുറികളും മറ്റും ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമുള്ള ആവശ്യം ശക്തമാവുന്നതിനിടെയാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

Tags:    
News Summary - School hostel building in dilapidated condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.