സജിത് കുമാർ
മാനന്തവാടി: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. നഗരസഭ റവന്യൂ ഇൻസ്പെക്ടർ എം.എം. സജിത്കുമാറാണ് വസ്തു വിൽപനക്ക് മുന്നോടിയായി സ്ഥലത്തെ മണ്ണ് നീക്കംചെയ്തയാളോട് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. മാനന്തവാടി- മൈസൂരു റോഡരികിൽനിന്നു ചൊവ്വാഴ്ച ഉച്ചക്കാണ് ഉദ്യോഗസ്ഥർ സജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ധനകാര്യസ്ഥാപനത്തിനുണ്ടായ ബാധ്യത തീർക്കാൻ സ്ഥലം വിൽക്കാൻ ശ്രമിച്ചയാളോടാണ് സജിത്ത് കൈക്കൂലി ആവശ്യപ്പെട്ടത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്തതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും 40,000 രൂപ പിഴയടക്കേണ്ട കേസ് 10,000 രൂപക്ക് ഒഴിവാക്കിത്തരാമെന്നുമാണ് പരാതിക്കാരനെ അറിയിച്ചത്.
തുടർന്ന് ഇദ്ദേഹം വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം പരാതിക്കാരൻ റോഡരികിൽ സജിത്തിനെ കാത്തുനിന്നു. പണം വാങ്ങിയശേഷം വിജിലൻസിന്റെ കെണിയിലകപ്പെട്ടെന്നു മനസ്സിലാക്കിയ സജിത്ത് പണം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങിയ ഏതാനും നോട്ടുകൾ ഇയാളുടെ കീശയിൽനിന്നും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.