മാനന്തവാടി: കോവിഡ് മഹാമാരിയും നീണ്ട മഴയും പ്രതിസന്ധിയിലാക്കിയ മലയോരമേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ തേനീച്ചകൃഷി വ്യാപിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. ഒ.ആർ. കേളു എം.എൽ.എ ഇതുസംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തേനീച്ചകൃഷി കൂടുതല്‍ തൊഴില്‍ സാധ്യതകളും വരുമാനവും ലക്ഷ്യംവെച്ചുള്ളതാണ്.
ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍ക്ക് പുറമേ സപ്ലൈകോ, മില്‍മ ഏജന്‍സികള്‍ വഴിയും കര്‍ഷകരുടെ സ്വന്തമായുള്ള തേന്‍ ഉൽപന്ന കേന്ദ്രങ്ങള്‍ വഴിയും ഗുണനിലവാരമുള്ള തേന്‍ വില്പനയാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. തേനീച്ചക്കര്‍ഷകരെ സഹായിക്കാന്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപവത്കരിച്ച് കൂടുതല്‍ തേന്‍ സംഭരിക്കും. സഞ്ചരിക്കുന്ന തേന്‍ സംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിന് ആധുനിക ലബോറട്ടറി സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ ഹോര്‍ട്ടികോര്‍പ് നേതൃത്വത്തില്‍ സൗജന്യ പരിശീലനവും തേനീച്ച കോളനി വിതരണവും നടത്തിവരുന്നുണ്ട്.
അഞ്ചു വര്‍ഷമായി ഇത്തരത്തില്‍ 150ലധികം പരിശീലന പദ്ധതികൾ നടപ്പാക്കി. 20,000ലധികം തേനീച്ച കോളനികള്‍ വിവിധ പദ്ധതികളിലായി ഇതിനകം നല്കി. 85 മെട്രിക് ടണ്‍ തേനാണ് ഇതിനകം ഹോര്‍ട്ടികോര്‍പ് കര്ഷകരില്നിന്ന്സംഭരിച്ചത്. സംസ്ഥാനത്തെ ആദിവാസി വനമേഖലകളില്‍നിന്ന് മൂന്ന് മെട്രിക് ടണ്‍ കാട്ടുതേനും സംഭരിച്ചതിൽപെടും. മലയോര മേഖലയിലെ കൂടുതല്‍ കര്‍ഷകരിലേക്ക് തേനീച്ചകൃഷി വ്യാപിപ്പിക്കുന്നതോടെ കര്‍ഷകരുടെ തൊഴിലും വരുമാനവും വര്‍ധിക്കാൻ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.