ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം നടത്തുന്നു

സ്ഥിരം ക്ലാസ് മുറികളും ലാബ് സൗകര്യവുമില്ല; എം.എസ് സി പ്ലാന്റ് സയൻസ് വിദ്യാർഥികൾ സമരത്തിൽ

മാനന്തവാടി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ എം.എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ എത്ത്നോ ബോട്ടണി വിദ്യാർഥികളാണ് കാമ്പസ് ഡയറക്ടറുടെ ഓഫിസിന് മുന്നിൽ സമരം ആരംഭിച്ചത്.

ന്യൂജെൻ കോഴ്സായാണ് എം.എസ് സി പ്ലാന്റ് സയൻസ് 2020ൽ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ ആദ്യമായി ആരംഭിച്ചത്. നിലവിൽ മാനന്തവാടിയിൽ മാത്രമാണ് കോഴ്സുള്ളത്മൂ ന്ന് ക്ലാസുകളിലായി 36 വിദ്യാർഥികളാണ് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടിയത്.

ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം അയൽ ജില്ലകളിൽനിന്നുള്ളവരാണ്. എന്നാൽ, വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ സ്ഥിരം ക്ലാസ് മുറികളോ ലാബ് സൗകര്യമോ ഇല്ലാത്തതാണ് വലക്കുന്നത്. ബി എഡ് സെന്റർ കെട്ടിടത്തിലും റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി കെട്ടിടത്തിലും മാറിമാറിയാണ് ഇപ്പോൾ ക്ലാസുകൾ നടത്തുന്നത്.

തിയറി ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകൾ നടക്കാത്തതിനാൽ ആദ്യ ബാച്ചിന് കാലാവധി കഴിഞ്ഞിട്ടും കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ ബാച്ചിലെ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടപ്പെട്ടു. പ്രാക്ടിക്കൽ പരീക്ഷ നടത്താൻ കഴിയാതിരുന്നാൽ തങ്ങളുടെ ഒരു വർഷവും കൂടി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.

വിഷയം മാസങ്ങൾക്ക് മുമ്പ് വൈസ് ചാൻസലറുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. കേരള സർവകലാശാലയിലും മറ്റും ഒരു സെമസ്റ്ററിന് 900 രൂപയാണെന്നിരിക്കെ കണ്ണൂർ യൂനിവേഴ്സിറ്റിയിലിത് 13,000 രൂപയാണെന്നും വിദ്യാർഥികൾ പറയുന്നു. എൻ. രസ്ന, കെ.പി. ഹസ്ന, മഞ്ജിമ അജയൻ, വിഷ്ണു, ഗണേഷ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

അതേസമയം, വിഷയം സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചു പരിഹാരമുണ്ടാക്കുമെന്നും കാമ്പസ് ഡയറക്ടർ ഡോ. സീത കക്കോത്ത് പറഞ്ഞു. 

Tags:    
News Summary - No permanent classrooms and lab facilities-MSc plant science students on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.