സന്ധ്യ കഴിഞ്ഞാൽ ഗ്രാമങ്ങളിലേക്ക് ബസില്ല; വലഞ്ഞ് ജനം

മാനന്തവാടി: വൈകുന്നേരങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലേക്ക് ബസ് കിട്ടാതെ യാത്രക്കാര്‍ വലയുന്നു. ഉള്‍നാടുകളിലേക്കുള്ള ഓര്‍ഡിനറി സര്‍വിസ് ബസുകളുടെയെല്ലാം അവസാന ട്രിപ് വൈകീട്ട് അഞ്ചരക്കുള്ളില്‍ മാനന്തവാടിയില്‍നിന്നും പുറപ്പെടും. ഇതു കാരണം സ്വകാര്യ സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളും പ്രായമുള്ളവരും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും ഉൾപ്പെടെയുള്ളവർ ബസ് കിട്ടാതെ വലയുകയാണ്. ദിവസവും ഉയര്‍ന്ന ചാര്‍ജ് നല്‍കി ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണിന് ശേഷം എല്ലാ സ്ഥാപനങ്ങളും, കടകളും ഏഴിനു മുമ്പായി അടക്കണം എന്ന മാനദണ്ഡം നിലനിന്നിരുന്നു. ഇതു പ്രകാരം ഏഴിനുള്ളില്‍ അവസാനിക്കുന്ന രീതിയിലാണ് ലോക്ഡൗണിന് ശേഷം പ്രാദേശിക സര്‍വിസുകളെല്ലാം പുനരാരംഭിച്ചത്. എന്നാല്‍, കോവിഡ് വ്യാപനം കുറഞ്ഞ് എല്ലാം പഴയപടി ആയിട്ടും പ്രാദേശിക സര്‍വിസുകളൊന്നും കെ.എസ്.ആര്‍.ടി.സി പഴയപോലെ പുനഃക്രമീകരിച്ചില്ല. പല ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്.

പുലര്‍ച്ച ഓടുന്ന ട്രിപ്പുകളും രാത്രി ഓടുന്ന ട്രിപ്പുകളുമാണ് മിക്ക സര്‍വിസിലും വെട്ടിക്കുറച്ചത്. നാമമാത്രമായ സര്‍വിസുകള്‍ മാത്രം ഉണ്ടായിരുന്ന ബൈരക്കുപ്പ, ചേരിയംകൊല്ലി, ആലാറ്റില്‍ തുടങ്ങി നിരവധി പ്രദേശങ്ങളിലേക്കുള്ള സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. നൂറോളം ഷെഡ്യൂളുകള്‍ ഉണ്ടായിരുന്ന മാനന്തവാടി ഡിപ്പോയില്‍ അറുപതോളം ഷെഡ്യൂളുകള്‍ മാത്രമാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ബസുകള്‍ കുറവായതിനാല്‍ രാവിലെയും വൈകുന്നേരങ്ങളിലും ഓടുന്ന ബസില്‍ത്തന്നെ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ഏറെയാണ്.

പുല്‍പള്ളിയിലേക്ക് വൈകീട്ട് 5.30 കഴിഞ്ഞാല്‍ രണ്ടര മണിക്കൂറിനുശേഷം എട്ടിനാണ് അടുത്ത കെ.എസ്.ആര്‍.ടി.സി ബസ്. ഇതുതന്നെ ഈ ആഴ്ച മുതലാണ് ഓടിത്തുടങ്ങിയത്. പ്രധാന റൂട്ട് ആയ കല്‍പറ്റ ഭാഗത്തേക്കും സന്ധ്യ ആയാല്‍ യാത്രാക്ലേശം രൂക്ഷമാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്റ്റോപ്പുകള്‍ കുറവുള്ള ടി.ടി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ ഉയര്‍ന്ന ക്ലാസ് സര്‍വിസുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം ബസുകള്‍ പലയിടങ്ങളിലും നിര്‍ത്തേണ്ടി വരുമ്പോള്‍ അത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു.

ഒപ്പം ജീവനക്കാരുമായി സ്റ്റോപ്പുകളുടെ കാര്യത്തിലുള്ള തര്‍ക്കങ്ങളും പതിവാണ്. വെട്ടിക്കുറച്ച ട്രിപ്പുകളും സര്‍വിസുകളും കോവിഡിനു മുമ്പത്തേതു പോലെ പുനഃസ്ഥാപിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags:    
News Summary - No bus in night; people in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.