മുതിരേരി നെല്ലിക്കൽ കോളനിയിലേക്കുള്ള നടപ്പാത

ദുരിതം പേറി നെല്ലിക്കൽ പണിയപുര കോളനിവാസികൾ

മാനന്തവാടി: തവിഞ്ഞാൽ 11ാം വാർഡിൽപ്പെട്ട മുതിരേരി നെല്ലിക്കൽ പണിയപുര കോളനിവാസികൾ ദുരിതക്കയത്തിൽ. നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളായ വഴി, കുടിവെള്ളം എന്നിവ ഇന്നും ലഭ്യമായിട്ടില്ല. കാലങ്ങളായി ഇവർ ഒരു വഴിക്കു വേണ്ടി കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ്‌ വരുമ്പോൾ മാത്രമാണ് ജനപ്രതിനിധികൾ കോളനി സന്ദർശിക്കുന്നത്.

വാഗ്ദാനങ്ങൾ ഒരുപാട് നൽകുന്നുണ്ടെങ്കിലും ഒന്നും നടപ്പാകാറില്ലെന്ന് കോളനിവാസികൾ ആരോപിക്കുന്നു. പ്രായമായവരും കുട്ടികളും അടക്കം നൂറോളം ആളുകൾ ആണ് കോളനിയിൽ താമസിക്കുന്നത്. ചെറിയ ഒരു മഴ പെയ്താൽ പോലും കുടിവെള്ള സ്രോതസ്സുകളായ തോടുകൾ മലിനമാകുകയും തോടുകളിൽ ചളി നിറയുകയുമാണ്. പൊതു കിണറുകളോ ടാപ്പുകളോ കോളനിയിൽ ഇല്ല. നിലവിൽ പ്രധാന റോഡിൽനിന്ന് കോൺക്രീറ്റ് റോഡ് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്ക്​​ ഉണ്ട്. 300 മീറ്റർ റോഡ് നിർമിച്ചാൽ കോളനി വരെ ഗതാഗതം സാധ്യമാകും. എന്നാൽ, സ്വകാര്യ വ്യക്തികൾ സ്ഥലം ഉൾപ്പെടെ വിട്ടു നൽകാൻ തയാറായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് കോളനിവാസികൾ പറഞ്ഞു.

ഇതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരണം തുടങ്ങിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കുടുംബങ്ങൾ. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴാണ് ജില്ലയിൽ ഇങ്ങനെയും ഒരു കോളനി അവഗണന നേരിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.