representational image 

എൽ.ഡി.എഫിന് തോന്നുന്നിടത്ത് സ്ഥാപിക്കാനുള്ള ടൂറിസ്റ്റ് കേന്ദ്രമല്ല മെഡിക്കൽ കോളജ് -ആക്ഷൻ കമ്മിറ്റി

കൽപറ്റ: എൽ.ഡി.എഫിന് തോന്നുന്നിടത്ത് സ്ഥാപിക്കാനുള്ള ടൂറിസ്റ്റ് കേന്ദ്രമല്ല വയനാട് മെഡിക്കൽ കോളജെന്ന് മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളജ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

മടക്കിമല ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കുമെന്ന് പ്രകടനപത്രിക ഇറക്കി രണ്ട് എം.എൽ.എമാരെ വിജയിപ്പിച്ച് അധികാരത്തിൽ വന്ന എൽ.ഡി.എഫ്, ഇപ്പോൾ കണ്ണൂർ അതിർത്തിയിലെ ഭൂമിയിൽ മെഡിക്കൽ കോളജ് പ്രഖ്യാപനം നടത്തിയിട്ട്, വയനാടൻ ജനതയോട് 'ജാഗ്രത പാലിക്കണം' എന്ന് പറയുന്നത് ധിക്കാരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആക്കി ഉയർത്തിയത് എന്ന വാദം അംഗീകരിക്കാൻ ആവില്ല. മെഡിക്കൽ കോളജ് നിർമിക്കാൻ ലക്ഷ്യമിടുന്ന ഗ്ലെൻ ലവൻ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ളത് കോടതി വിധി പ്രകാരമുള്ള നിയമ പ്രശ്നമാണ്.

അത് പരിഹരിക്കാൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകണം. കോടതിവിധി വരുന്നതുവരെ കാത്തിരിക്കണം. അത് എൽ.ഡി.എഫ് ജില്ല കമ്മിറ്റി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ നടക്കുന്ന പ്രക്രിയ അല്ലെന്നും ഭാരവാഹികൾ പറഞ്ഞു.

കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന തവിഞ്ഞാൽ പഞ്ചായത്തിന് വേണ്ടി വിലകുറഞ്ഞ പ്രാദേശികവാദം ഉയർത്തുന്നത് മാനന്തവാടി എം.എൽ.എയാണ്. എൽ.ഡി.എഫ് ജില്ല കമ്മിറ്റി അതിന് കുട പിടിക്കുകയാണ്. പാർലമെന്ററി രംഗത്തേക്ക് കടന്നുവന്നതോടെ സി.കെ. ശശീന്ദ്രൻ വാഗ്ദാനങ്ങൾ ഒന്നൊന്നായി മറക്കുകയും ഒ.ആർ. കേളു തികഞ്ഞ പ്രാദേശിക വാദിയായി മാറുകയും ചെയ്തുവെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.

2021 മാർച്ച് 12ന് നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നിരിക്കെ അതിന് കൃത്യം ഒരു മാസം മുൻപ് ജില്ല പഞ്ചായത്ത് പ്രസിഡന്റിനോട് പോലും ആലോചിക്കാതെ മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയുമായിരുന്നു.

തെരഞ്ഞെടുപ്പ് മുൻനിർത്തി എൽ.ഡി.എഫ് തന്ത്രപൂർവം ഒരുക്കിയ കെണിയായിരുന്നു അത്. കലക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് ജില്ല ആശുപത്രി ഏറ്റെടുത്തതെന്ന് പറഞ്ഞു ഇടതു നേതാക്കൾ ഇപ്പോൾ കൈകഴുകുകയാണ്.

ജില്ല ആശുപത്രിയെപോലും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ് മാനന്തവാടി ടൗണിന് ഉള്ളതെന്നും ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി, ജനറൽ കൺവീനർ വിജയൻ മടക്കിമല, ട്രഷറർ വി.പി. അബ്ദുൽ ഷുക്കൂർ, സുലോചന രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Medical College is not a tourist center to be set up wherever LDF wants-Action Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.