ജില്ല സ്കൂൾ കലോത്സവത്തിന് മാനന്തവാടി ഒരുങ്ങി

മാനന്തവാടി: 41ാമത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവം ആറ് മുതൽ ഒമ്പത് വരെ മാനന്തവാടി കണിയാരത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേജിതര മത്സരങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. കണിയാരം ഫാ. ജി.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ, മാനന്തവാടി സെന്‍റ് ജോസഫ്‌സ് ടി.ടി.ഐ, കണിയാരം സാൻജോ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലായാണ് വേദി സജ്ജീകരിച്ചിരിക്കുന്നത്.

യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി,വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിൽനിന്നുള്ള നാലായിരത്തോളം വിദ്യാർഥികൾ മാറ്റുരക്കും. ഏഴിന് വൈകീട്ട് നാലിന് കലോത്സവം ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകീട്ട് മൂന്നിനാണ് സമാപനസമ്മേളനം. മാനന്തവാടി, സുൽത്താൻബത്തേരി, വൈത്തിരി ഉപജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. 14 വേദികളിലായാണ് മത്സരങ്ങൾ.

ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പേരുകളാണ് വേദികൾക്ക് നൽകിയിട്ടുള്ളത്. പൊലീസ്, എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനം മുഴുവൻ സമയങ്ങളിലുമുണ്ടാകും.

തിങ്കളാഴ്ച വൈകീട്ട് നാലിന് മാനന്തവാടി താലൂക്ക് ഓഫിസ് പരിസരത്ത് നിന്ന് ഗാന്ധിപാർക്കിലേക്ക് വിളംബരജാഥ നടത്തും. ജനറൽ കലോത്സവം, അറബി കലോത്സവം, സംസ്കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ മുന്നൂറിലധികം ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും.

ആരോഗ്യ പരിപാലനത്തിന് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെയും മാനന്തവാടി സെന്‍റ് ജോസഫ്‌സ് ആശുപത്രിയുടെയും സേവനമുണ്ടാകും. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശശിപ്രഭ, ഫാ. ജി.കെ.എം. സ്കൂൾ പ്രിൻസിപ്പൽ എൻ.പി. മാർട്ടിൻ, ജനപ്രതിനിധികളായ പി.വി. ജോർജ്, പി.വി.എസ്. മൂസ, മാർഗരറ്റ് തോമസ്, വിപിൻ വേണുഗോപാൽ, ഫാ. ജി.കെ.എം. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.ടി. മനോജ്‌കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Mananthavadi is ready for the district school arts festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.