ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ എം ജി എം എച്ച് എസ് എസ്, മാനന്തവാടി
സുൽത്താൻ ബത്തേരി: നാലു നാൾ നീണ്ട 42ാമത് ജില്ല സ്കൂൾ കലോത്സവത്തിന് ബത്തേരി സർവജന സ്കൂളിൽ തിരശ്ശീല താഴ്ന്നപ്പോൾ ഉപജില്ല തലത്തിൽ കല കിരീടം ചൂടി മാനന്തവാടി. 957 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. സുൽത്താൻ ബത്തേരി 948 പോയന്റുമായി രണ്ടാംസ്ഥാനം നേടി. 930 പോയന്റുമായി വൈത്തിരി ഉപജില്ലക്കാണ് മൂന്നാംസ്ഥാനം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 116 പോയന്റു നേടി മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
76 പോയന്റുമായി കൽപറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. 68 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 120 പോയന്റുമായി കൽപറ്റ എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ് ഒന്നാമതെത്തി. 107 പോയന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 81 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
യു.പി ഉപജില്ല തലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സുൽത്താൻ ബത്തേരിക്കാണ് കല കിരീടം. 173 പോയന്റ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്. 172 പോയന്റുമായി മാനന്തവാടി ഉപജില്ല രണ്ടാംസ്ഥാനത്തും 171 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി.
യു.പി സ്കൂൾ തലത്തിൽ കോളിയാടി മാർ ബസേലിയോസ് യു.പി.എസ് 36 പോയന്റ് നേടി ചാമ്പ്യന്മാരായി. 30 പോയന്റുമായി എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിക്കാണ് രണ്ടാം സ്ഥാനം. ബത്തേരി അസംപ്ഷൻ എ.യു.പി.എസ്, മാനന്തവാടി എസ്.ജെ.ടി.ടി.ഐ, നടവയൽ സെന്റ് തോമസ് എച്ച്.എസ് എന്നി സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. 20 പോയന്റാണ് ഈ സ്കൂളുകൾ നേടിയത്.
സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേഷ്, ജില്ല കലക്ടർ രേണു രാജ്, ജുനൈദ് കൈപ്പാണി, പി.എ. അബ്ദുൽ നാസർ, ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
സുൽത്താൻ ബത്തേരി: ദഫ്മുട്ട് നടക്കുന്ന ഒന്നാംവേദിയിലേക്ക് ഒഴുകിയെത്തിയ വാഹനത്തിൽ നിന്നുപുറത്തിറങ്ങിയ അതിഥിയെ കണ്ട് വേദി ഒന്നാകെ ഒന്നിളകി. ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ വയനാടിന്റെ എം.പി രാഹുൽ ഗാന്ധിയെ കണ്ട ആഹ്ലാദത്തിലായിരുന്നു സദസ്സ്. തിങ്ങിനിറഞ്ഞ സദസ്സിലിരുന്ന് കുറച്ചുനേരം മത്സരം വീക്ഷിച്ചു രാഹുൽ.
ഇതിനിടെ തിരക്കിനിടയിൽ നിന്നും സർവജന സ്കൂളിലെ എൻ. ഫിർദോസ്ഖാനത്തിനെ അടുത്ത് വിളിച്ച് കുശലന്വേഷണവും നടത്തി. ആരാകണമെന്ന ചോദ്യത്തിന് ഡോക്ടറാകണമെന്നായിരുന്നു കുട്ടിയുടെ മറുപടി. നിങ്ങളെ ഏവരെയും ഈ സന്ദർഭത്തിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. സംഘാടകർ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. എല്ലാവരും മത്സരങ്ങളിൽ പങ്കുചേരുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ അതിയായി സന്തോഷിക്കുന്നു.
കലോത്സവങ്ങൾ വൃത്യസ്ത സംസ്കാരങ്ങളെയും ആചാരങ്ങളെയും ഭാഷകളെയും കലകളെയും ഒന്നിപ്പിക്കുന്നു. ഇത്തരം കലോത്സവങ്ങൾ എല്ലാവരെയും ഒന്നായി മുന്നോട്ടു നയിക്കാൻ പ്രചോദിതമാകുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. എല്ല മത്സരാർഥികൾക്കും എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു. എച്ച്.എസ് വിഭാഗം അറബനമുട്ട്, തിരുവാതിര എന്നിവക്ക് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ മാനന്തവാടി എം.ജി.എം.എച്ച്.എസിലെ ടീമുകൾക്ക് ട്രോഫി സമ്മാനിച്ചു. അൽപനേരത്തിനുള്ളിൽ മടങ്ങുകയും ചെയ്തു.
സുൽത്താൻ ബത്തേരിയിൽ നടക്കുന്ന വയനാട് ജില്ല സ്കൂൾ കലോത്സവ വേദിയിലെത്തിയ രാഹുൽ ഗാന്ധി എം.പി സർവജന സ്കൂളിലെ 5-ാം ക്ലാസിൽ പഠിക്കുന്ന എൻ. ഫിർദോസ്ഖാനത്തിനെ ചേർത്ത് പിടിച്ച് കുശലം ചോദിക്കുന്നു
സുൽത്താൻ ബത്തേരി: എച്ച്.എസ് വിഭാഗം അറബന മുട്ടിൽകളിക്കിടെ മത്സരാർഥിയുടെ കൈയിൽ നിന്നും അറബന താഴെ വീണിട്ടും ആ ടീമിന് സംസ്ഥാന തലത്തിലേക്ക് വിധികർത്താക്കൾ യോഗ്യത നൽകിയതായി പരാതി. മൂന്ന് സ്കൂളുകളാണ് മത്സരിച്ചത്. മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് സ്കൂളിനാണ് സംസ്ഥാന തലത്തിലേക്ക് വിധികർത്താക്കൾ അവസരം നൽകിയത്. അതോടെ ഒന്നാംവേദിക്ക് മുന്നിൽ പ്രതിഷേധവുമായി കുട്ടികൾ എത്തി സംഘാടകരും പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
വിധികർത്താക്കളെ മാറ്റണമെന്നാവശ്യമാണ് പ്രതിഷേധിച്ചവർ ഉന്നയിച്ചത്. സംഘർഷാവസ്ഥക്കിടെ പ്രതിഷേധിച്ച വിദ്യാർഥിയെ പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം എച്ച്. എസ്.എസ് വിഭാഗം നാടകമത്സരത്തിലെ ഫലപ്രഖ്യാപനത്തിൽ അപാകത ആരോപിച്ച് വിദ്യാർഥികളും അധ്യാപകരും പ്രതിഷേധിച്ചിരുന്നു. നാടകമത്സരം നടന്ന വേദി ഒന്നിന് സമീപമാണ് ബുധനാഴ്ച നാടകീയരംഗങ്ങൾ അരങ്ങേറിയത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ച നാടകത്തിന് അനുവദിച്ച നിശ്ചിത സമയം കഴിഞ്ഞും തുടർന്നിട്ടും വിധികർത്താക്കൾ ഒന്നാംസ്ഥാനം നൽകിയതിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. ഇതേ വിധി കർത്താക്കൾ തന്നെ യു.പി വിഭാഗം നാടകമത്സരം നടക്കുമ്പോൾ ടീമുകൾ സമയക്രമം പാലിക്കാത്തതിനെ വിമർശിച്ചിരുന്നു. വിധി കർത്താക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് മീനങ്ങാടി ജി.എച്ച്.എസ്.എസ് ടീം ചൊവ്വാഴ്ച അധികൃതർക്ക് പരാതിനൽകിയിരുന്നു. പ്രതിഷേധം കനത്തത്തോടെ ഒരു വിധികർത്താവിനെ മാറ്റിയാണ് ഹൈസ്കൂൾ വിഭാഗം നാടകമത്സരം തുടങ്ങിയത്. എച്ച്.എസ്.എസ് വിഭാഗം മുകാഭിനയത്തിലും വിധികർത്താക്കൾക്കെതിരെ പരാതി ഉയർന്നിരുന്നു.
അറബനമുട്ട് ഫലം പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ പൊലീസ് തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.