സഹദ്
മാനന്തവാടി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്‌ദാനം നൽകി നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. മലപ്പുറം എടപ്പാൾ വട്ടംകുളം പുതൃകാവിൽ വീട്ടിൽ പി. സഹദ് (19)നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇയാളെ യുവതി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിന്റെ വിരോധത്തിൽ പരാതിക്കാരിയുടെ സുഹൃത്തിന് നഗ്നചിത്രങ്ങൾ അയച്ചു നൽകുകയായിരുന്നു. നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇൻസ്റ്റഗ്രാം ഐഡി നിർമിക്കാനുപയോഗിച്ച ഫോൺ നമ്പർ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതായിരുന്നില്ല.
തുടർന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിനോടുവിലാണ് ഇയാൾ വലയിലാകുന്നത്. മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ച ഇയാൾ നന്നാക്കാനായി ഏൽപിച്ച ഫോണിലുണ്ടായിരുന്ന സിം നമ്പർ ഉപയോഗിച്ച് ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിക്കുകയായിരുന്നു.
ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജിതിൻകുമാർ, കെ. സിൻഷ, ജോയ്സ് ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ റോബിൻ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോണുകൾ കടകളിലും മറ്റും നന്നാക്കാൻ ഏൽപിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.