എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാർച്ചിനിടെ പ്രവർത്തകരും പൊലീസുമായുണ്ടായ സംഘർഷം

വെള്ളമുണ്ട എ.യു.പി സ്കൂൾ നിയമന വിവാദം: മാനന്തവാടി എ.ഇ.ഒ ഓഫിസിൽ പരിശോധന

മാനന്തവാടി: വെള്ളമുണ്ട എ.യു.പി സ്കൂളിലെ നിയമനം വിവാദമായ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം തുടങ്ങി. ജില്ല വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ മാനന്തവാടി എ.ഇ.ഒ ഓഫിസിലെത്തി രേഖകൾ പരിശോധിച്ചു.

എ.ഇ.ഒക്ക് സംഭവിച്ച വീഴ്ചയടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ജില്ല വിദ്യാഭ്യാസ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.സി. രജിത, സീനിയർ സൂപ്രണ്ട് പി. സുരേഷ്ബാബു, ജൂനിയർ സൂപ്രണ്ട് അനൂപ് രാഘവൻ, സെക്ഷൻ ക്ലാർക്ക് നോബിഷ് ജോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കായി എത്തിയത്. പരിശോധന റിപ്പോർട്ട് ബുധനാഴ്ച സമർപ്പിക്കുമെന്നാണ് സൂചന.

വെള്ളമുണ്ട എ.യു.പി സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിപ്പിച്ച് ക്ലാസ് ഡിവിഷൻ സംരക്ഷിക്കാനും തസ്തിക സൃഷ്ടിക്കാനും വഴിവിട്ട നീക്കം നടന്നെന്ന ആരോപണമാണ് ഉയർന്നത്. നാലു കിലോമീറ്റർ അപ്പുറത്തുള്ള തരുവണ ഗവ. സ്കൂളിൽനിന്ന് ആറാം പ്രവൃത്തി ദിവസം രാത്രി എട്ടിന് നാലു കുട്ടികൾക്ക് വെള്ളമുണ്ട സ്കൂളിലേക്ക് ടി.സി നൽകിയത് വിവരാവകാശ രേഖയിലുണ്ട്.

ഇതിനായി സൗജന്യ യൂനിഫോമും ബസ് യാത്രയും വാഗ്ദാനം ചെയ്തെന്ന് രാക്ഷിതാക്കളും വെളിപ്പെടുത്തിയിരുന്നു. എ.ഇ.ഒ ഓഫിസ് ഇതിന് ഒത്താശ ചെയ്തെന്നും ആരോപണമുണ്ട്. വിവാദമായതോടെയാണ് സംഭവം പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായത്.

വിദ്യാർഥിയെ സ്കൂളിൽ ചേർത്ത വിവാദം അന്വേഷിക്കണം -തരുവണ ജി.യു.പി പി.ടി.എ

മാനന്തവാടി: വെള്ളമുണ്ട എ.യു.പി സ്‌കൂൾ അധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട് തരുവണ ജി.യു.പി സ്‌കൂളിനെ അനാവശ്യമായി വലിച്ചഴക്കുന്നത് അവസാനിപ്പിക്കണമെന്നും തരുവണ സ്‌കൂളില്‍ നിന്നും ബംഗളൂരുവിലേക്ക് ടി.സി വാങ്ങിയ വിദ്യാർഥിയെ വെള്ളമുണ്ട എ.യു.പിയിൽ ചേര്‍ത്തത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരുവണ ഗവ. യു.പി സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ ആവശ്യപ്പട്ടു.

ഈ മാസം എട്ടിന് തോട്ടോളി ബഷീര്‍ എന്നയാളുടെ കുട്ടിക്ക് ബംഗളൂരു ശബരി സ്‌കൂളില്‍ പ്രവേശനം നേടാനാണ് ടി.സി നല്‍കിയത്. എന്നാല്‍, രക്ഷിതാക്കള്‍ പോലും അറിയാതെ ഈ കുട്ടിയെ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ ചേര്‍ത്തതായും പിന്നീട് തിരിച്ച് തരുവണ സ്‌കൂളിലേക്ക് തന്നെ സമ്പൂര്‍ണ സോഫ്റ്റ് വെയര്‍വഴി മാറ്റിയതായും കാണുന്നുണ്ട്. ഇത് ഏത് വിധത്തിലാണ് നടത്തിയതെന്ന് പരിശോധിക്കണം. തരുവണ സ്‌കൂളില്‍ നിന്ന് ടി.സി വാങ്ങി വെള്ളമുണ്ടയിലേക്ക് പോയ വിദ്യാർഥികളുടെ രക്ഷിതാക്കളെ പ്രലോഭനങ്ങളില്‍ വീഴ്ത്തിയതയാണ് ബോധ്യമായത്.

ജില്ലയില്‍ തന്നെ മികച്ച പഠന നിലവാരം പുലര്‍ത്തുന്ന സ്‌കൂളിനെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികളായ എം. കുഞ്ഞമ്മദ്, സി.എച്ച്. അഷ്‌റഫ്, കെ. സുനീറ, എ.കെ. നാസർ, കെ.സി.കെ. നജ്മുദ്ദീന്‍, പി. നൗഫല്‍, എം.കെ. അഷ്‌റഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാർച്ചിൽ സംഘർഷം

കൽപറ്റ: സി.പി.എം നേതാവിന്റെ മകന്റെ നിയമനത്തിനുവേണ്ടി ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫിസ് മാർച്ചിൽ സംഘർഷം. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

വയനാട്ടിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കുക, സർവകലാശാലകളിൽ ഓപ്പൺ രജിസ്ട്രേഷൻ നിർത്തിവെക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ഭരണപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ കള്ളക്കളികൾ ഗൗരവമുള്ളതാണെന്നും വെള്ളമുണ്ട എ.യു.പി.എസ് മാനേജ്‌മെന്റിന്റെ വഴിവിട്ട ഇടപാടുകൾക്കും എ.ഇ.ഒ ഉൾപ്പെടെ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്കും എതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ ഉദ്‌ഘാടനം ചെയ്തു.

എം.എസ്.എഫ് ജില്ല പ്രസിഡന്റ് സഫ്വാൻ വെള്ളമുണ്ട, ജന. സെക്രട്ടറി പി.എം. റിൻഷാദ്, ഫായിസ് തലക്കൽ, ഫസൽ കാവുങ്ങൽ, നാസർ അഞ്ചുകുന്ന്, ഫാരിസ് തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Inspection at Mananthavadi AEO Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.