മാനന്തവാടി: പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലിരിക്കെ കൊലപാതക്കേസില്‍ സര്‍ക്കാറിനുവേണ്ടി വാദിച്ച വക്കീല്‍ പദവിയുടെ കാലാവധി കഴിഞ്ഞയുടനെ പ്രതിയുടെ വക്കാലത്തുമായി കോടതിയില്‍ ഹാജരായത് വിവാദമാവുന്നു. 2018 ഒക്ടോബര്‍ മൂന്നിന് വെള്ളമുണ്ട കാവുംകുന്ന് ഉന്നതിയില്‍ താമസിക്കുന്ന തികിനായി (65), മകന്‍ പ്രമോദ്, ബന്ധുവായ പ്രസാദ് എന്നിവരെ സയനൈഡ് കലര്‍ത്തിയ മദ്യം നല്‍കി കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ് കൈകാര്യം ചെയ്തിരുന്ന മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതി ആറാട്ടുതറ പാലത്തിങ്കല്‍ സന്തോഷിനായി കഴിഞ്ഞ ദിവസം വിചാരണ കോതിയില്‍ ഹാജരായത്.
സ്വര്‍ണണപ്പണിക്കാരനായ സന്തോഷ് സുഹൃത്ത് സജിതിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നല്‍കിയ സയനൈഡ് കലര്‍ത്തിയ മദ്യം സജിത് തന്റെ നാട്ടുകാരനായ തികിനായിക്ക് നല്‍കുകയായിരുന്നു. മദ്യം കഴിച്ച തികിനായി മരണപ്പെട്ടു. മദ്യം കഴിച്ചാണ് തികിനായി മരണപ്പെട്ടതെന്നറിയാതെ മദ്യത്തിന്റെ ബാക്കിഭാഗം കഴിച്ച മകനും ബന്ധുവും തൊട്ടടുത്ത ദിവസം മരണപ്പെടുകയും ചെയ്തു. കൊല്ലണമെന്ന ലക്ഷ്യത്തോടെ മദ്യം നല്‍കിയ സന്തോഷിനെ പ്രതി ചേര്‍ത്ത് വെള്ളമുണ്ട പൊലീസ് പ്രതിയെ പിടികൂടി കേസെടുത്തു.
അന്വേഷണം പൂര്‍ത്തിയാക്കി 2019 ല്‍ മാനന്തവാടി എസ്.സി-എസ്.ടി സ്പെഷല്‍ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. അന്നു മുതല്‍ പ്രോസിക്യൂട്ടറുടെ കാലാവധി കഴിയുന്ന 2025 ജൂലൈ 14 വരെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നയാളാണ് പ്രതിക്കായി ഇപ്പോൾ കോടതിയില്‍ ഹാജരായത്. പ്രോസിക്യൂട്ടര്‍ പദവിയുടെ കാലാവധി കഴിഞ്ഞതോടെ നേരത്തെ പ്രതിക്കായി ഹാജരായിരുന്ന അഡ്വക്കറ്റിന് പകരമാണ് ഇദ്ദേഹം വക്കാലത്തുമായി കോടതിയിലെത്തിയത്. കേസിന്റെ രഹസ്യ സ്വഭാവമുള്ള ഡയറികള്‍, മൊഴികള്‍, തെളിവുകള്‍ തുടങ്ങിയവയെല്ലാം വ്യക്തമായി മനസ്സിലാക്കിയ ശേഷം പ്രതിക്കായി ഹാജരാകുന്നതോടെ പ്രതിരക്ഷപ്പെടുകയും മരണപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.