മാനന്തവാടിയിൽ ഡിജിറ്റൽ ഡ്രോൺ സർവേ ജില്ലതല ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നു
മാനന്തവാടി: കൈവശഭൂമിക്ക് ഒറ്റരേഖ ഡിജിറ്റൽ ഡ്രോൺ സർവേക്ക് വയനാട്ടിൽ തുടക്കമായി. ജില്ലയിൽ ആദ്യമായി സർവേ മാനന്തവാടി വില്ലേജിലാണ് ആരംഭിച്ചത്. പിന്നീട് വാളാട്, അമ്പലവയൽ വില്ലേജുകളിലും നടക്കും. പൊതുജനങ്ങളുടെ സഹായത്തോടെ ഡ്രോൺ സർവേ പൂർത്തിയാക്കുമെന്ന് നേതൃത്വം വഹിക്കുന്ന ജില്ല നോഡൽ ഓഫിസറും സർവേ സൂപ്രണ്ടുമായ ആർ. ജോയ് പറഞ്ഞു.
മാനന്തവാടി, വാളാട്, അമ്പലവയൽ വില്ലേജുകളിൽ 1979ൽ ഭൂമിസർവേ പൂർത്തീകരിച്ചിരുന്നുവെങ്കിലും ഇതുവരെയും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഭൂരേഖകൾക്ക് കൃത്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ സർവേയാണ് മാനന്തവാടി വില്ലേജിൽ ആരംഭിച്ചത്. നാലു മാസത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കി റവന്യൂ വകുപ്പിന് റെക്കോർഡുകൾ കൈമാറാനാണ് പദ്ധതി.
ഡിജിറ്റൽ സർവേ റെക്കോർഡുകൾ നിലവിൽ വരുന്നതോടുകൂടി നിലവിലുള്ള ഭൂമിയുടെ സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ, തണ്ടപ്പേർ നമ്പർ തുടങ്ങിയവ കാലഹരണപ്പെടും. ഭൂമിയുടെ കൈവശങ്ങൾക്കും നിലവിലെ നിയമങ്ങൾക്കും അനുസൃതമായി പുതിയ നമ്പർ നൽകും. ഇതോടെ റവന്യൂ, രജിസ്ട്രേഷൻ, പഞ്ചായത്ത്, ബാങ്ക്, തുടങ്ങിയ ഡിപ്പാർട്മെന്റുകളിൽനിന്നുള്ള സേവനങ്ങൾ എളുപ്പത്തിലാക്കുവാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
ഡ്രോണിെൻറയും മറ്റും സഹായത്തോടെ നാലുവർഷംകൊണ്ട് രാജ്യമാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏഴു ലക്ഷം വില്ലേജുകളിൽ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില വില്ലേജുകളിലും സർവേ നടന്നുവരുന്നു. പാലക്കാട് ജില്ലയിലെ നാലു വില്ലേജുകളിലും തിങ്കളാഴ്ച സർവേ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര പഞ്ചായത്ത് രാജ്, മന്ത്രാലയം, സംസ്ഥാന റവന്യൂ, സർവേ, പഞ്ചായത്ത് വകുപ്പുകൾ, സർവേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സർവേ നടത്തുന്നത്.
ഡ്രോൺ സർവേക്ക് അനുയോജ്യമായ ഭൂപ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് സർവേ നടത്തുന്നത്. സ്ഥലമുടമകൾ അടയാളപ്പെടുത്തിയ അതിരുകൾ മാത്രമേ ഡ്രോൺ കാമറകൾക്ക് തിരിച്ചറിയാൻ കഴിയൂ. ഡ്രോൺ കാമറയിൽ പതിയാത്ത സ്ഥലങ്ങൾ ടോട്ടൽ സ്റ്റേഷൻ പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചും, ഇലക്ട്രോക്സ് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചും സർവേ നടത്തും. ഡ്രോണുകളും ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരും സർവേ ഓഫ് ഇന്ത്യയുടെതാണ്. മാനന്തവാടി വില്ലേജിൽ സർവേ നടത്തുന്ന മുപ്പത് ജീവനക്കാർക്കും ടാബ്ലറ്റുകളും ജി.പി.എസുകളും സർവേ ഓഫ് ഇന്ത്യ നൽകിയിട്ടുണ്ട്. സ്ഥലത്തിെൻറ സർവേ റിപ്പോർട്ട് സർവേ ഓഫ് ഇന്ത്യയുടെ സർവറിലാണ് ഉൾപ്പെടുത്തുന്നത്. ജി.പി.എസ് പോയന്റുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് ആരംഭിച്ചത്.
സർവേ ഉദ്യോഗസ്ഥർ വീടുകളിൽ കയറി നൽകുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തിരികെ നൽകണം. സ്ഥലമുടമകൾ അതിര് അടയാളങ്ങൾ സ്ഥാപിക്കണം, ഭൂമിയുടെ അതിർത്തികളിൽ ചുട്ടുകല്ല്, സിമൻറ് കല്ല്, മഞ്ഞ, ഓറഞ്ച് കളറിൽ പെയിൻറ് മാർക്ക് എന്നിവ ഉപയോഗിച്ച് ഭൂമിയിൽ അടയാളപ്പെടുത്തണം. എന്നാൽ, മാത്രമേ ഡ്രോൺ കാമറകൾക്ക് സ്ഥലം തിരിച്ചറിയാൻ കഴിയൂ. ഡിജിറ്റൽ റീസർവേ മാപ്പിങ് പൂർണമാവുന്നതോടെ റവന്യൂ രജിസ്ട്രേഷൻ സർവേ ആൻഡ് ഭൂരേഖകൾ സംയോജിക്കപ്പെടും.
മാനന്തവാടി: ഡിജിറ്റൽ ഡ്രോൺ സർവേ ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചാൽ വിജയം ഉറപ്പെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. ഡിജിറ്റൽ ഡ്രോൺ സർവേ ജില്ലതല ഉദ്ഘാടനം മാനന്തവാടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലഘട്ടത്തിൽ ഇത്തരം ഡിജിറ്റൽ സർവേകൾ നാടിനും പൊതുജനത്തിനും ആവശ്യമാണ്. ഡിജിറ്റൽ ഡ്രോൺ സർവേകൾ നടത്തുമ്പോൾ ജനപങ്കാളിത്തത്തോടെ നടത്താൻ കഴിയണം. നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
ജില്ല സർവേ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ജില്ല നോഡൽ ഓഫിസർ ആർ. ജോയി, മാനന്തവാടി പൊലീസ് സബ് ഇൻസ്പെക്ടർ എം. നൗഷാദ്, സുൽത്താൻ ബത്തേരി സർവേ സൂപ്രണ്ട് ഷാജി കെ. പണിക്കർ, മാനന്തവാടി സർവേ അസി. ഡയറക്ടർ വീരേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.