മാനന്തവാടി നഗരത്തിനടുത്ത് ചൂട്ടക്കടവ് പുഴയരികിലെ റോഡിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട വിള്ളൽ
മാനന്തവാടി: നഗരത്തിനടുത്ത് ചൂട്ടക്കടവ് റോഡിൽ ഉപരിതലത്തിൽനിന്ന് താഴ്ഭാഗം വരെ നീളത്തിൽ വിള്ളൽ വീണിട്ടും ഓട്ടയടച്ചു രക്ഷപ്പെടാൻ നിർമാണ കമ്പനിയുടെ ശ്രമം. കെ.എസ്.ടി.പി വർഷങ്ങളായി നിർമിച്ചുകൊണ്ടിരിക്കുന്ന മാനന്തവാടി ഒഴക്കോടി-വാളാട്-പേര്യ റോഡിലാണ് മഴ പെയ്തു തുടങ്ങിയതോടെ വിള്ളൽ രൂപപ്പെട്ടത്. മാനന്തവാടി നഗരത്തിൽനിന്ന് 500 മീറ്റർ അകലെ ചൂട്ടക്കടവ് പുഴയരികിലെ റോഡരികിലാണ് 40 മീറ്ററോളം നീളത്തിൽ കഴിഞ്ഞ ദിവസം വിള്ളലുണ്ടായത്.
പുഴയരികിലുണ്ടായ വിള്ളൽ റോഡ് പൂർണമായി ഇടിഞ്ഞു താഴാൻ ഇടയാക്കിയേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വിള്ളൽ ഉണ്ടായതിനു പിന്നാലെ നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ടാറും കല്ലുപൊടിയും ഉപയോഗിച്ച് മേൽഭാഗം മാത്രം ഓട്ടയടക്കുകയായിരുന്നു. എന്നാൽ, മഴ ശക്തമായാൽ റോഡ് ഇടിഞ്ഞ് പുഴയിലേക്കു പതിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
വർഷങ്ങൾക്കു മുമ്പ് ഇവിടെ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടിരുന്നു. ആളപായമില്ലാതെ അന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. സംരക്ഷണഭിത്തി നിർമിക്കാതെ റോഡ് നിർമിച്ചതാണ് വിള്ളൽ ഉണ്ടാകാൻ കാരണം. അടിയന്തരമായി പ്രദേശത്ത് സംരക്ഷണഭിത്തി നിർമിക്കണം. അല്ലെങ്കിൽ റോഡ് ഇടിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. നിർമാണത്തിലെ അപാകത സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.