വയനാട് മെഡിക്കൽ കോളജ് സ്റ്റാഫ് കൗൺസിൽ
പ്രതിഷേധിക്കുന്നു
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് എമർജൻസി ഡിപ്പാർട്മെന്റിലെ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതായി പരാതി. മാനന്തവാടി സ്വദേശിയും എസ്.എസ്.ബി കോഴിക്കോട് റേഞ്ച് എസ്.പി. പ്രിൻസ് അബ്രഹാമിനെതിരെയാണ് ആശുപത്രിയിലെ വനിത ഡോക്ടർ പരാതിയുമായി രംഗത്ത് വന്നത്.
ഞായറാഴ്‌ച രാത്രിയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചയാളുടെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് വിഷയങ്ങൾക്ക് ആധാരം. സംഭവത്തിൽ ജില്ല കലക്ടർ ഇടപെട്ടതിന് ശേഷമാണ് പൊലീസുകാർ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ നിയന്ത്രിച്ചതെന്നാണ് വിവരം.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധയോഗം ചേർന്നു. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പോകുമെന്നും സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി. എന്നാൽ, ചികിത്സക്കെത്തിയ രോഗി മരിച്ചിട്ടും പൊലീസ് സ്റ്റേഷനിലേക്ക് ഇൻറിമേഷൻ പോലും അയക്കാതെ പോസ്റ്റുമോർട്ട നടപടികൾക്കായി നിർബന്ധം പിടിച്ചതിനെ ചോദ്യം ചെയ്യുക മാത്രമാണുണ്ടായതും മറ്റ് പരാതികൾ വസ്തുത വിരുദ്ധമെന്നും പ്രിൻസ് അബ്രഹാം പറഞ്ഞു.
ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചിട്ടില്ല. മരിച്ചയാൾ അയൽവാസിയും അടുത്ത സുഹൃത്തുമായതിനാലാണ് വിഷയത്തിലിടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡോ.കെ.വി. രാജൻ, സ്റ്റാഫ് സെക്രട്ടറി ടിറ്റോ സേവ്യർ, ഡോ.സിൽബി, ഡോ. ഹരീഷ് എന്നിവർ സംസാരിച്ചു. ഡോ. കെ.ബി. സിബിലി പൊലീസിൽ പരാതി നൽകി.
മാനന്തവാടി: അസുഖബാധിതനായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച താന്നിക്കൽ പ്ലാച്ചേരിക്കുടിയിൽ വർക്കി ഹൃദയാഘാതത്തെതുടർന്ന് മരിച്ചിട്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഡ്യൂട്ടി ഡോക്ടർ നിർബന്ധം പിടിച്ചുവെന്നും നടപടികൾ വൈകിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്നും ബന്ധുക്കളുടെ ആരോപണം.
ഡ്യൂട്ടി ഡോക്ടറുടെ ജോലി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തടസപ്പെടുത്തിയെന്നാരോപിച്ച് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതിനിടെയാണ് ഡോക്ടർമാർക്കും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. വിഷയത്തിൽ ഡോക്ടർക്കും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.എം.ഒക്ക് പരാതി നൽകിയതായും ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.