Representational Image
മാനന്തവാടി: ഒന്നരമാസത്തിലേറേയായി പനവല്ലിയിലും പരിസര പ്രദേശങ്ങളിലും ഭീതിവിതച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവെച്ചു പിടികൂടുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ ഇരുപതംഗ വനപാലകസംഘം എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ആരംഭിച്ചു.
ഉച്ചയോടെ സ്ഥലത്തെത്തിയ മുത്തങ്ങയില്‍നിന്നുള്ള വെറ്ററിനറി ഓഫിസര്‍ ഡോ. അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള 20 അംഗ മയക്കുവെടി സംഘം നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്ട്ടിന് ലോവല്‍, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന ഉള്‍പ്പെടെയുള്ള വനപാലകരുമായി ആശയവിനിമയം നടത്തി തിരച്ചില്‍ ആരംഭിച്ചു. കടുവയെ കണ്ടെത്താനായില്ലെങ്കിൽ ചൊവ്വാഴ്ചയും തിരച്ചിൽ നടക്കും.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറകളില്‍ കടുവയുടെ ചിത്രം പതിഞ്ഞില്ല. ഞായറാഴ്ച രാവിലെ വയല്‍ മുറിച്ചു കടന്ന് കടുവ പോകുന്നത് നാട്ടുകാര്‍ കണ്ടതായി വനപാലകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുമ്പ് പതിഞ്ഞ ചിത്രങ്ങളെല്ലാം ഒരേ കടുവയുടെ ചിത്രമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് ആദണ്ഡ, സര്‍വ്വാണി, പുഴക്കര എന്നിവിടങ്ങളില്‍ കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ കുടുങ്ങിയില്ല. ഇതോടെയാണ് മയക്കുവെടി വെക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ ദിവസം പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലേക്ക് കടുവ പട്ടിയെ ഓടിച്ച് കയറ്റുകയും വീട്ടുകാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടുകയുമായിരുന്നു. പ്രദേശത്ത് വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ വേഗത്തിലായത്.
മാനന്തവാടി: പനവല്ലിയിലെ ശല്യക്കാരനായ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം ഊർജിതമാക്കിയതായി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്ട്ടിന് ലോവല്‍ പറഞ്ഞു. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. പ്രദേശത്ത് സ്ഥാപിച്ച കാമറകളില്‍ നിന്നും ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഒരു കടുവ മാത്രമേ ഉള്ളുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അവയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടാനുള്ള ടീം സജ്ജമായിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി.എഫ്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.