അരുണിന്റെ
കാലിലെ മുറിവ്
മാനന്തവാടി: സെന്റ് ജോസഫ്സ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. കാലിലെ ഉപ്പുറ്റിയില്‍ തുളച്ച് കയറിയ മരക്കുറ്റി പുറത്തെടുക്കാതെ മരുന്ന് വെച്ച് കെട്ടിയത് സംബന്ധിച്ച് തവിഞ്ഞാല്‍ സ്വദേശി പുത്തന്‍പുരയില്‍ പി.എസ്. അരുണ്‍ ആണ് ഡി.എം.ഒ ഡോ. പി. ദിനീഷിന് പരാതി നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ച് 27നാണ് കൃഷിയിടത്തില്‍ നിന്ന് അരുണിന്റെ ഇടതുകാലിന്റെ ഉപ്പൂറ്റിയിലേക്ക് മരക്കുറ്റി തുളച്ചു കയറിയത്. അന്നുതന്നെ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ നേടി. എക്സ്റേ എടുത്ത ശേഷം മരക്കുറ്റിയുടെ പൊടികള്‍ മാത്രമേ ഉള്ളൂവെന്നും, ക്ലീന്‍ ചെയ്തതായും പറഞ്ഞ് ഡോക്ടര്‍ മുറിവ് കെട്ടി. പിന്നീട് അരുണിനെ തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍ രണ്ടു ദിവസത്തിന് ശേഷവും വേദനക്ക് ശമനമില്ലാത്തതിനാല്‍ വീണ്ടും ഇതേ ഡോക്ടറെ സമീപിക്കുകയും സ്കാനിങ് ചെയ്യുകയുമായിരുന്നു. സ്കാനിങ്ങില്‍ പഴുപ്പ് ഉള്ളതായി ഡോക്ടര്‍ പറഞ്ഞു. ഇതനുസരിച്ച് വീണ്ടും പഴയ മുറിവ് തുറന്ന് പഴുപ്പ് മാറ്റിയതായി പറഞ്ഞ് മരുന്ന് നല്കി അരുണിനെ പറഞ്ഞയച്ചു.
മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് അരുണിന്റെ കാലിൽനിന്ന് പുറത്തെടുത്ത മരക്കഷണങ്ങൾ
ഇതിനിടയില്‍ ആറായിരം രൂപയിലധികം ആശുപത്രിയില്‍ ബിൽ അടച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാലിന്റെ വേദനക്ക് ശമനമില്ലാത്തതിനാല്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കാല് പരിശോധിച്ചു. പരിശോധനയില്‍ ഒരിഞ്ച് നീളമുള്ള രണ്ട് മരക്കഷണങ്ങള്‍ ഉപ്പുറ്റിയില്‍ കണ്ടെത്തി.
തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഈ മരച്ചീളുകള്‍ പുറത്തെടുക്കുകയായിരുന്നു. ഇതോടെയാണ് വേദനക്ക് ശമനമുണ്ടായത്. ചികിത്സ പിഴവ് കാണിച്ച സെന്റ് ജോസ്ഫ് ആശുപത്രി അധികൃതര്‍ക്കെതിരെയും, ചികിത്സിച്ച ഡോക്ടര്‍ക്കെതിരെയും അരുണ്‍ ഡി.എം.ഒക്കും, ആരോഗ്യവകുപ്പ് ഉന്നത അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കുന്നുംപുറത്ത് നിഷ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഇതേ ആശുപത്രിയുടെ പേരില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.