നായുടെ കടിയേറ്റ് ചികിൽസയിലുള്ള അബ്ബാസ്
മാനന്തവാടി: നഗരത്തിൽ കോഴിക്കോട് റോഡിൽ എൽ.എഫ് സ്കൂളിന് സമീപം വയോധികന് തെരുവ് നായുടെ ആക്രമണത്തിൽ പരിക്ക്. സ്കൂൾ തുറന്ന ദിവസം തന്നെ ആക്രമണമുണ്ടായത് സ്കൂൾ വിദ്യാർഥികളെയും ഭീതിയിലാഴ്ത്തുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി അക്രമ സ്വഭാവം കാണിക്കുന്ന തെരുവ്നായ് തിങ്കളാഴ്ച ഉച്ചയോടെയാണ് കാൽനട യാത്രികനെ കടിച്ച് പരിക്കേൽപ്പിച്ചത്. മാനന്തവാടിയിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസിന് (60) ആണ് കാലിന് കടിയേറ്റത്. സാരമായി മുറിവേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഈ നായ് നിരവധിപേരെ ഇതിനുമുമ്പും കടിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇതുവരെ ഈ നായുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം പത്തായി. കഴിഞ്ഞ ഏപ്രിലിൽ നാല് പേരെയും ഒക്ടോബറിൽ മൂന്ന് പേരെയും ഈ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി രണ്ട് പേരെയും ഇതേ നായ് കടിച്ചിരുന്നു.
പെൺപട്ടിയാണ് കാൽനടയാത്രികരുടെ നേരെ പാഞ്ഞടുക്കുന്നത്. മുൻപ് ഈ പട്ടിയുടെ കുഞ്ഞ് വാഹനമിടിച്ച് ചത്തിരുന്നു. വർഷം ഒന്ന് പിന്നിട്ടിട്ടും വിഷയം പരിഹരിക്കാൻ കഴിയാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
നായെ കൊല്ലാൻ നിയമം അനുവദിക്കാത്തത് മൂലം തദ്ദേശസ്വയംഭരണ അധികൃതർ അടക്കമുള്ളവർ നിസ്സഹയരായി നോക്കി നിൽക്കേണ്ട ഗതികേടിലാണ്. എന്നാൽ പ്രസ്തുത നായ് അക്രമകാരിയായതിനാൽ ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും ഈ ദുരവസ്ഥ തുടർന്നാൽ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.