മാനന്തവാടി: വന്യ മൃഗാക്രമണത്തിൽ സംഭവിച്ച മരണത്തിന്‍റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കൽ റിപ്പോർട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയമാണെന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം പറഞ്ഞു.
വന്യമൃഗാക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും ആക്രമണമേറ്റ മനുഷ്യന്‍റെ ജീവൻ നിലനിർത്താൻ ആവശ്യമായ ആധുനിക ചികിത്സ സൗകര്യങ്ങളൊരുക്കുന്നതിലും ഭരണകൂടങ്ങൾ ദയനീയമായി പരാജയപ്പെടുകയാണ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ സാലു മരിച്ച സാഹചര്യം. ജീവൻ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ച സാലുവിന്‍റെ ജീവൻ നിലനിർത്തുന്നതിനാവശ്യമായ ആധുനിക ചികിത്സയോ, സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനമോ, നിശ്ചിതസമയത്തിനുള്ളിൽ ഐ.സി.യു ആംബുലൻസോ ലഭ്യമായിട്ടില്ല എന്ന ആരോപണത്തിന് ഭരണകൂടം ഉത്തരം പറയണം.
എന്നാൽ, അതിനൊന്നും ശ്രമിക്കാതെ, വന്യമൃഗത്തിന്‍റെ ആക്രമണത്തിൽ ശരീരത്തിലെ രക്തം മുഴുവൻ നഷ്ടപ്പെട്ട് മരിച്ച മനുഷ്യൻ ഹൃൃദയാഘാതത്തെതുടർന്നാണ് മരിച്ചതെന്ന വനം വകുപ്പിന്‍റെ ആദ്യം മുതലേയുള്ള വ്യാജ പ്രചാരണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സ്ഥീരികരണം കൊടുക്കുന്നത് ജനപക്ഷത്തു നില്ക്കേണ്ട ജനപ്രതിനിധികളും മന്ത്രിമാരും സാലുവിനോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണെന്നും ബിഷപ് പറഞ്ഞു.
ഇത് ശരിയായ സമീപനമല്ല. ചികിത്സ പിഴവ് സംബന്ധിച്ച് അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണ കമീഷനെ നിയമിക്കണം, സാലുവിന്‍റെ കുടുംബത്തിനു നല്കിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കണം, വയനാട് മെഡിക്കൽ കോളജ് എന്ന പേരുകൊണ്ട് മാത്രം വയനാട്ടുകാരെ തൃപ്തിപ്പെടുത്താതെ ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കണം എന്നീ ആവശ്യങ്ങളും രൂപധാധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടത്തിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉന്നയിച്ചു.
രൂപത സഹായമെത്രാൻ ബിഷപ് അലക്സ് താരാമംഗലം, വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിക്കൽ, രൂപത പി.ആർ.ഒ ഫാ. ഡോസ് കൊച്ചറക്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സാലു അബ്രഹാം മേച്ചേരിൽ, ജോസ് പള്ളത്ത്, രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, ഫാ. നോബിൾ പാറക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.