ആലാറ്റിൽ-വട്ടോളി -കുനിയിമ്മൽ റോഡ്

ചളിക്കുളമായി ആലാറ്റിൽ-വട്ടോളി-കുനിയിമ്മൽ റോഡ്

മാനന്തവാടി: വേനൽമഴയെ തുടർന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ ആലാറ്റിൽ-വട്ടോളി-കുനിയിമ്മൽ-വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡ് തകർന്ന് ചളിക്കുളമായി. രണ്ട് വർഷം മുമ്പ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡിനാണ് ഈ ദുരവസ്ഥ. റോഡിന്റെ ശോച്യാവസ്ഥ മൂലം കാൽനട പോലും പറ്റാതായി.

വട്ടോളി മുതൽ കുനിയിമ്മൽ കുണ്ടത്തിൽ വരെ ഒരു കിലോമീറ്ററിലധികമുള്ള ഈ റോഡ് 34 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് വർഷം മുമ്പാണ് ടാർ ചെയ്ത് നന്നാക്കിയത്. ടാർ ചെയ്ത് ഒരു വർഷം തികയും മുമ്പേ റോഡ് തകർന്നു തുടങ്ങിയിരുന്നു. ഇപ്പോൾ തകർച്ച ഏതാണ്ട് പൂർണമായി. കുറ്റിവയൽ, കുനിയിമ്മൽ, വട്ടോളി എന്നീ പ്രദേശങ്ങളിലുള്ളവരാണ് ഈ റോഡിനെ കൂടുതലായും ആശ്രയിക്കുന്നത്. സമീപ സ്ഥലങ്ങളിൽ റോഡുപണി നടക്കുന്നതിനാൽ ടൺ കണക്കിന് സാധന സാമഗ്രികളുമായി ഈ റോഡിലൂടെയാണ് നിത്യേന വലിയ വാഹനങ്ങൾ ഓടുന്നത്.

ഇതാണ് റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടിയത്. റോഡ് പൊട്ടി പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇപ്പോൾ ഒരു വാഹനങ്ങൾക്കും ഇതിലൂടെ ഓടാൻ കഴിയാത്ത അവസ്ഥയായി മാറി. ചിലയിടങ്ങളിൽ റോഡ് കുഴിഞ്ഞ് അര മീറ്ററിലധികം താഴ്ചയായിട്ടുണ്ട്. വയലിലൂടെയുള്ള റോഡായതിനാലാണ് ഇത് വേഗത്തിൽ പൊളിയാൻ കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉറവയും വെള്ളക്കെട്ടും റോഡ് തകർച്ചക്ക് ആക്കം കൂട്ടി.

നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡിന് രണ്ട് വർഷം മുമ്പ് ഫണ്ട് അനുവദിച്ച് നന്നാക്കിയത്. ലക്ഷങ്ങൾ ചെലവഴിച്ചിട്ടും റോഡിന് ഒരു ഗുണവും ഇല്ലാതായി. വട്ടോളി മുതൽ പേര്യ വരെയും കുനിയിമ്മൽ കുണ്ടത്തിൽ മുതൽ വാളാട് വരെയുമുള്ള റോഡിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. വയലിനരികിലൂടെയുള്ള റോഡ് നന്നാക്കുമ്പോൾ മുൻകരുതൽ എടുക്കാത്തതാണ് ടാർ ചെയ്ത ഉടൻ തകരാനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

റോഡ് തകർന്നതോടെ പ്രദേശത്തെ കർഷകർക്കും വിനയായി. വാഹനങ്ങൾ എത്താത്തതിനാൽ കാർഷിക ഉൽപന്നങ്ങൾ ടൗണിലെത്തിക്കാൻ കഴിയുന്നില്ല. റോഡ് പുനർനിർമിക്കാതെ വാഹനങ്ങൾക്ക് ഓടാൻ കഴിയില്ലെന്നതിനാൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags:    
News Summary - Alatil-Vattoli-Kuniimmal road in bad condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.