തലപ്പുഴയിൽ ശനിയാഴ്ച കണ്ടെത്തിയ കടുവയുടെ കാൽപാടുകൾ
മാനന്തവാടി: ഒരാഴ്ചയായി കടുവാപ്പേടിയിൽ കഴിയുന്ന തലപ്പുഴയിൽ വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തലപ്പുഴ ക്ഷീരസംഘം ഓഫിസിനു സമീപത്താണ് ശനിയാഴ്ച കാൽപാടുകൾ കണ്ടത്. കെട്ടിട നിർമാണ പ്രവൃത്തി നടക്കുന്ന ഭാഗത്തെ മൺറോഡിലാണ് കാൽപാട് പതിഞ്ഞത്. പേര്യ റേഞ്ചിലെ വരയാൽ ഫോറസ്റ്റ് സെക്ഷനിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.
കെട്ടിട നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന പ്രദീപ് കുമാറാണ് ശനിയാഴ്ച രാവിലെ എട്ടോടെ കടുവയുടെ കാൽപാടുകൾ ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികളെ വിവരമറിയിച്ചു. 9.30 ഓടെ വനപാലകരെത്തി പരിശോധന നടത്തി കടുവയുടെ കാൽപാടാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ചയായി തലപ്പുഴയും സമീപ പ്രദേശങ്ങളും കടുവഭീതിയിലാണ്. ദിവസങ്ങൾക്കു മുമ്പ് ഗോദാവരി കോളനിയിൽ കടുവകളെയും കുഞ്ഞുങ്ങളെയും പ്രദേശവാസികൾ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തലപ്പുഴ കമ്പിപ്പാലം, കാട്ടേരിക്കുന്ന് ഭാഗങ്ങളിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു.
പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് അധികൃതരും വനപാലകരും പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പശുത്തൊഴുത്തിൽ രാത്രിയിൽ ലൈറ്റ് തെളിയിക്കുക, അതിരാവിലെ യാത്ര ചെയ്യുന്നവർ കൂട്ടം കൂടി യാത്ര ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. വനംവകുപ്പ് നോർത്ത് വയനാട് റാപ്പിഡ് റെസ്പോൺസ് ടീമിനു പുറമേ തലപ്പുഴ, വരയാൽ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ കടുവാഭിതിയകറ്റാനായി വനപാലകസംഘം പട്രോളിങ് നടത്തുന്നുണ്ട്. 14 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കാട്ടാടിന്റെ ജഡാവശിഷ്ടം കണ്ടെത്തി
മേപ്പാടി: കള്ളാടി പുഴയിൽ കാട്ടാടിന്റെ ജഡാവശിഷ്ടം കണ്ടെത്തി. ശനിയാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടത്. സ്ഥലത്തെത്തിയ വനം വകുപ്പധികൃതർ ചെന്നായ് ഭക്ഷിച്ച കാട്ടാടിന്റെ ശരീര ഭാഗമാണിതെന്ന് സ്ഥിരീകരിച്ചു. വന്യമൃഗ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമീപ വനപ്രദേശത്ത് ചെന്നായ്ക്കളുടെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.