എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ലോകേഷ് തമിഴ്ശെൽവൻ ജില്ല വരണാധികാരി എം. അരുണക്ക് നാമനിർദേശ പത്രിക
സമർപ്പിക്കുന്നു
ഗൂഡല്ലൂർ: തമിഴ്നാട്ടിൽ ഏപ്രിൽ 19ന് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നീലഗിരി ലോക്സഭ മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ മത്സരരംഗത്തെ ചിത്രം വ്യക്തമായി. ഇന്ത്യ മുന്നണിയിലെ ഡി.എം.കെ, എടപ്പാടി പളനിച്ചാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ, എൻ.ഡി.എ സഖ്യത്തിലെ ബിജെപി സ്ഥാനാർഥി തമ്മിലുള്ള മത്സരമാണ് ത്രികോണ മത്സരമായി മാറുന്നത്.
ഇൻഡ്യ മുന്നണിയിലെ ഡി.എം.കെ സ്ഥാനാർഥി എ. രാജ ജില്ല വരണാധികാരി എം. അരുണക്ക് നാമനിർദേശപത്രിക സമർപ്പിക്കുന്നു
എ.ഐ.എ.ഡി.എം.കെ യുടെ ലോകേഷ് തമിഴ്ശെൽവൻ രണ്ടില ചിഹ്നത്തിലും ബിജെപിയുടെ എൽ. മുരുകൻ താമര ചിഹ്നത്തിലും മത്സരിക്കാൻ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച് ഊട്ടി നഗരത്തിൽ ഘോഷയാത്രയായി പ്രകടനം നടത്തി. ഡി.എം.കെ സ്ഥാനാർഥി സിറ്റിങ് എം.പി എ.രാജ ഉദയസൂര്യൻ ചിഹ്നത്തിൽ ബുധനാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഗൂഡല്ലൂരിലെ വൈദ്യുതി പട്ടയ രജിസ്ട്രേഷൻ പ്രശ്നം പരിഹരിക്കാൻ കാലതാമസം നേരിടുന്നത് ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാർ അമർഷത്തിലാണ്. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ മറ്റ് സ്ഥാനാർഥികൾക്ക് വോട്ടു നൽകുന്നതിനേക്കാൾ നല്ലത് രാജക്ക് തന്നെ എന്നാണ് പലരും പ്രതികരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളും ഗ്രാമീണ പഞ്ചായത്ത് മേഖലകളിൽ റോഡുകൾ നവീകരിച്ചതും, വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ നഷ്ടപരിഹാരത്തുക 10ലക്ഷമാക്കിയത്, ടാൻ ടീ തൊഴിലാളികളുടെ വേതന വർധനവും മോദി സർക്കാറിനെ ഏറ്റവും എതിർക്കുന്ന പാർട്ടി എന്നീ കാര്യങ്ങൾ എണ്ണിപ്പറഞ്ഞാണ് രാജ വോട്ട് അഭ്യർഥിക്കുന്നത്.
എൻ.ഡി.എ മുന്നണിയിലെ ബി.ജെ.പി സ്ഥാനാർഥി എൽ. മുരുകൻ ജില്ല വരണാധികാരി എം. അരുണക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ
ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പി അഴിമതി നടത്തിയത് വ്യക്തമായ സാഹചര്യത്തിൽ ഇനി അവർക്ക് അഴിമതിയെക്കുറിച്ച് പറയാൻ അർഹതയില്ലെന്നും രാജ തുറന്നടിക്കുന്നു. എട്ടുതവണ എം.പിയായി രാജ മത്സരിച്ചതിൽ നീലഗിരി മണ്ഡലത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞു. 2014ൽ എ.ഡി.എം.കെയുടെ ഗോപാലകൃഷ്ണനാണ് രാജയെ തോൽപ്പിച്ചത്. ഇത്തവണ എ.ഐ.എ.ഡി.എം.കെയും ബി.ജെപി.യും തനിച്ച് മത്സരിക്കുന്നത് ഇന്ത്യ മുന്നണിക്ക് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എടപാടി പളനിച്ചാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ കാര്യങ്ങളും നിലവിലെ എം.എൽ.എമാരുടെ ജനകീയ ഇടപെടലും പറഞ്ഞും മോദി സർക്കാറിനെ വിമർശിച്ചുമാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇവർ കാലുമാറി ബി.ജെ.പി.ക്കു തന്നെ പോകുമെന്നാണ് ന്യൂനപക്ഷ വിഭാഗങ്ങൾ പറയുന്നത്. എ.ഐ.എ.ഡി.എം.കെയും പാർലമെന്റിൽ പിന്തുണച്ചതിനാലാണ് സി.എ.എ നിയമം പാസാക്കാൻ കഴിഞ്ഞതെന്നും എതിർ വിഭാഗം പ്രചരിപ്പിക്കുന്നു. ബിജെപിയുടെ മാസ്റ്റർ മാധൻ എം.പിയായി തെരഞ്ഞെടുത്തതിനാൽ ആ ഒരു ആത്മവിശ്വാസവും കേന്ദ്രസർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടിയുമാണ് കേന്ദ്ര സഹമന്ത്രി കൂടിയായ ബി.ജെ.പി. സ്ഥാനാർഥി ഡോ.എൽ. മുരുകൻ പ്രചാരണത്തിന് ശക്തി കൂട്ടുന്നത്.
2ജി അഴിമതിയെക്കുറിച്ചും മണ്ഡലത്തിൽ ഒരു വികസനവും രാജ നടത്തിയില്ലെന്നുമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. തമിഴരില് ഒരു വിഭാഗം നാം തമിഴർ കക്ഷിയെ പിന്തുണക്കുന്നവരാണ്. എന്നാൽ ഇവരുടെ സ്ഥാനാർഥി ഊട്ടി സ്വദേശിയും കർഷകനും പാർട്ടിയുടെ നീലഗിരി ജില്ല പ്രസിഡന്റുമായ എ. ജയകുമാറിനെയാണ് മത്സരിപ്പിക്കുന്നതെങ്കിലും മുഖ്യ സ്ഥാനാർഥികൾക്ക് വെല്ലുവിളിയല്ല. സ്വതന്ത്രർ 17പേരടക്കം ആകെ 33 പേരാണ് ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് എത്രപേർ കളത്തിൽ ഉണ്ടാവുമെന്ന് വ്യക്തമാവുകയുള്ളൂ.
നീലഗിരി ലോക്സഭ മണ്ഡലത്തിൽ ഊട്ടി, ഗൂഡല്ലൂർ, കൂനൂർ, മേട്ടുപ്പാളയം, അവിനാശി, ഭവാനി സാഗർ തുടങ്ങിയ ആറു നിയമസഭാ മണ്ഡലങ്ങലാണുള്ളത്. ഇതിൽ ഊട്ടി, കൂനൂർ, ഗൂഡല്ലൂർ നിയമസഭ മണ്ഡലങ്ങൾ നീലഗിരി ജില്ലയിലും മേട്ടുപ്പാളയം കോയമ്പത്തൂർ ജില്ലയിലും അവിനാശി തിരുപ്പൂർ ജില്ലയിലും ഭവാനി സാഗർ ഈറോഡ് ജില്ലയിലുമാണ് ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആകെ വോട്ടർമാർ 14,18,914 പേരാണ്. ഊട്ടി നിയോജക മണ്ഡലത്തിൽ 1,94,256 വോട്ടർമാരും ഗൂഡല്ലൂർ മണ്ഡലത്തിൽ 1,91,614 വോട്ടർമാരും കുനൂർ നിയോജക മണ്ഡലത്തിൽ 1,87,754ഉം ഭവാനി സാഗറിൽ 2,59,094ഉം മേട്ടുപ്പാളയത്തിൽ 3,02,426,അവിനാശിയിൽ 2,83,771 വോട്ടർമാരുമാണ് ഉള്ളത്. ത്രികോണ മത്സരത്തിൽ വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.