ബസ് സൗകര്യം കുറവ്, കുട്ടമംഗലത്തെ വിദ്യാർഥികൾക്ക് ദുരിതം

മുട്ടിൽ: ഏറെ വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള മുട്ടിൽ കുട്ടമംഗലം പ്രദേശത്തേക്ക് ബസ് സർവിസുകൾ കുറവായത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെയുള്ള സ്കൂളുകളിലേക്ക് പോകുന്നത്. എന്നാൽ, ബസുകൾകുറവായതിനാലും ഉള്ള ബസുകളുടെ സമയക്രമം വിദ്യാർഥികൾക്ക് യോജിച്ചതല്ലാത്തതിനാലും കുട്ടികൾ ബുദ്ധിമുട്ടുകയാണ്. നിലവിലുള്ള ബസ് സർവിസുകൾ പുനഃക്രമീകരിക്കുകയോ കെ.എസ്.ആർ.ടി.സി. അധിക സർവിസ് അനുവദിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെയും കുട്ടികളുടെയും ആവശ്യം.

കൽപറ്റ - മുട്ടിൽ-കുട്ടമംഗലം- മുക്കംകുന്ന് റൂട്ടിൽ ബസുകൾ തീരെ കുറവാണ്. ഉള്ളവയാണെങ്കിൽ സ്കൂൾ വിടുന്നതിന് തൊട്ടുമുമ്പേ കുട്ടമംഗലം കടന്നുപോവുന്നവയും സ്കൂൾ സമയത്തിന് വളരേ നേരത്തേയോ സ്കൂൾസമയത്തിനു ശേഷമോ മുട്ടിൽനിന്ന് കടന്നുപോകുന്നവയുമാണ്.

കുട്ടമംഗലത്ത് പ്രീസ്കൂൾ മുതൽ വൊക്കേഷനൽ ഹയർസെക്കൻഡറി വരെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം ആയിരത്തോളം വിദ്യാർഥികളും നൂറുകണക്കിന് അധ്യാപകരും ജീവനക്കാരും ഇതുവഴി നിത്യേന യാത്ര ചെയ്യുന്നുണ്ട്. നിലവിൽ ചില സ്വകാര്യബസുകൾ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, ഇവയുടെ സമയക്രമം സ്കൂൾ സമയവുമായി പൊരുത്തപ്പെടാത്ത രീതിയിലാണ്. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും അവരെ കൊണ്ടുപോകുകയും തിരികെ കൊണ്ടുവരുകയും ചെയ്യുന്ന രക്ഷിതാക്കൾക്കും യാത്രാസൗകര്യത്തിന്റെ അഭാവം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. രാവിലെ സ്കൂളിലെത്തുന്നതിനും വൈകീട്ട് സ്കൂൾ വിട്ടശേഷം മടങ്ങുന്നതിനും അനുയോജ്യമായ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. അധിക സർവിസ് അനുവദിച്ചാൽ ഏറെ ഉപകാരമാകും. എന്നാൽ, അതിനുള്ള നടപടിയുണ്ടാകുന്നില്ല.

Tags:    
News Summary - Lack of Bus Services: Students in Kuttamangalam Face Severe Travel Hardship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.