കൽപറ്റ: വയനാട്ടിൽ നടത്തിയ നീർപക്ഷി സർവേയിൽ കണ്ടെത്തിയത് 159 ഇനം പക്ഷികൾ. ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന കുറിത്തലയൻ വാത്തും (Bar-headed goose) ജില്ലയിലെത്തി. ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുന്നതിനായാണ് ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസ് നടത്തിയത്.
തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന കുറിത്തലയൻ വാത്ത് ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു. ഓക്സിജൻ കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ഈ പക്ഷി ജീവലോകത്തെ അത്ഭുതമാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഓളം പ്രധാന തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ ദേശാടനപ്പക്ഷികളും തദ്ദേശീയ പക്ഷികളും ഉൾപ്പെടെ ആകെ 159 ഇനം പക്ഷികളിലായി 1467 പക്ഷികളെ കണ്ടെത്തി.
ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സോഷ്യൽ ഫോറസ്ട്രി വയനാട്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വയനാട് ബേഡേഴ്സ് എന്നിവർ സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. പനമരം, വള്ളിയൂർക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാൽ, ചേകാടി, കൊളവള്ളി, ബാണാസുര ഡാം എന്നിവിടങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂർ, അമ്മവയൽ എന്നീ ഭാഗങ്ങളിലുമാണ് സർവേ നടന്നത്.
സോഷ്യൽ ഫോറസ്ട്രി ആർ.എഫ്.ഒ സജീവനാണ് സർവേ ഉദ്ഘാടനം ചെയ്തത്. അപൂർവയിനം പക്ഷികളായ തീപ്പൊരിക്കണ്ണൻ, മഴക്കൊച്ച, ദേശാടകനായി എത്തിയ വലിയ പുള്ളി പരുന്തിനെയും കണ്ടെത്താനായി. വയനാട്ടിൽ വളരെ അപൂർവമായി കാണപ്പെടുന്നതും എന്നാൽ കേരളത്തിൽ മറ്റിടങ്ങളിൽ കാണപ്പെടുന്നതുമായ പവിഴക്കാലിയെയയും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.