കൽപറ്റ: കുട്ടി ക്രിമിനൽ സംഘങ്ങൾ ഉൾപ്പെടെ ജനങ്ങളുടെ ഉറക്കം കെടുത്തുമ്പോഴും മൗനത്തിലാണ് പൊലീസ്. ജില്ല പൊലീസ് മേധാവിയുടേയും ഡിവൈ.എസ്.പി ഓഫിസിന്റെയുമെല്ലാം മൂക്കിന് താഴെ ദിവസങ്ങളായി വിദ്യാർഥികൾക്കിടയിൽ ക്രിമിനൽ സംഘങ്ങൾ സജീവമായിട്ടും ഗുണ്ടകളെ പോലെ വിളയാടിയിട്ടും കൽപറ്റ നഗരത്തിന്റെ ഉറക്കം കെടുത്തുന്ന കാര്യത്തിൽ കാര്യമായ നടപടിയൊന്നും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലെന്നാണ് ആരോപണം.
ആരെങ്കിലും പരാതി കൊടുത്താലോ നാട്ടുകാർ വിവരം അറിയിച്ചാലോ മാത്രമാണ് പലപ്പോഴും പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടാകുന്നത് തന്നെ. കഴിഞ്ഞ ദിവസങ്ങളിൽ കൽപറ്റ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങൾ ഇതാണ് വിരൽ ചൂണ്ടുന്നത്.
എച്ച്.ഐ.എം യു.പി സ്കൂൾ പരിസരം താവളമാക്കിയാണ് ഈ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനമെന്ന ആരോപണം ഉയരുമ്പോഴും രാത്രി പട്രോളിങ് പോലും പേരിന് മാത്രമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 16കാരനെ സംഘംചേർന്ന് ക്രൂരമായി മർദിച്ചതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്.
കൽപറ്റ ടൗണിനോടു ചേർന്ന മെസ് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നടന്ന സംഭവത്തിന് സമാനമായ ക്രൂരതക്ക് വേറെയും കുട്ടികൾ വിവിധ ഇടങ്ങളിൽവെച്ച് ഇരയായതായി പിന്നീട് പുറത്തുവന്ന മറ്റൊരു വിഡിയോയും തെളിയിക്കുന്നു. ഇത്തരം സംഭവങ്ങൾ കണിയാമ്പറ്റയിലും മറ്റിടങ്ങളിലും അരങ്ങേറിയ സംഭവങ്ങളും പിന്നീട് പുറത്തുവന്നു. വൈത്തിരിയിൽ അഞ്ചാം ക്ലാസുകാരനെ ബസിൽ വെച്ച് ശബ്ദമുണ്ടാക്കിയെന്ന് ആരോപിച്ച് മറ്റൊരു വിദ്യാർഥി മർദിച്ചതിൽ കുട്ടിയുടെ കൈ പൊട്ടിയ സംഭവവും ഉണ്ടായി.
പലപ്പോഴും കുട്ടികളുടെ ചെറിയ തർക്കങ്ങൾ എന്ന നിലയിൽ പൊലീസ് നിസ്സാരവത്കരിക്കുന്നത് കുട്ടികളിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് കൂടുതൽ പ്രചോദനമാകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾക്കിടയിലെ ചെറിയ പിണക്കങ്ങളിൽ പോലും ഗുണ്ടാ സ്റ്റൈലിൽ ക്വട്ടേഷൻ കൊടുത്ത് തല്ലിക്കുന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലപ്പോഴും തമ്മിലടിച്ചുള്ള സംഘർഷങ്ങൾക്ക് സ്കൂളുകളും വേദിയാകാറുണ്ട്. കുട്ടികളെന്ന പരിഗണനയിൽ പലപ്പോഴും ഇത് ഒതുക്കിത്തീർക്കുകയാണ് പതിവ് രീതി. എന്നാൽ, ചിലർക്കിത് വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ലൈസൻസാകുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
വിദ്യാർഥികൾ ലഹരിയുടെ വാഹകർ
നിരവധി വിദ്യാർഥികൾ ചെറു പ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടുന്ന സാഹചര്യം ഉണ്ടായതാണ് ക്രിമിനൽ ചിന്താഗതി വർധിക്കാൻ കാരണമെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർഥികളെ കരിയറാക്കി ലഹരി വിൽപന നടത്തുന്ന സംഘം നാളുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജീവമാണ്.
വിൽപനക്കായി കൊണ്ടുവരുന്ന ലഹരി സംഘത്തെ പരിശോധനയിൽ ഇടക്കിടെ പിടികൂടുന്നുവെന്നതിന് അപ്പുറത്ത് വിദ്യാർഥികളെ കരിയറാക്കി ലഹരിവിൽപന നടത്തുന്ന സംഘത്തെ കണ്ടെത്താനോ വിദ്യാർഥികൾക്ക് ലഹരി എത്തിക്കുന്ന പ്രാദേശിക സംഘത്തെ കണ്ടെത്തുന്നതിലോ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. ലഹരിയുടെ കരിയറായി വിദ്യാർഥിനികൾ അടക്കമുണ്ടെന്നതാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.