തെരുവ്നായ ശല്യം: ഫലപ്രദമായ പദ്ധതിയില്ലാത്തത് തിരിച്ചടി, ജില്ലയിൽ രണ്ട് എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങുന്നു

കൽപറ്റ: ജില്ലയിലുടനീളം തെരുവ്നായ് ശല്യം രൂക്ഷമാകുമ്പോഴും നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പദ്ധതിയില്ലാത്തത് തിരിച്ചടിയാകുന്നു. തുടർച്ചയില്ലാതെ പദ്ധതികൾ മുടങ്ങുന്നതും ജനങ്ങൾക്ക് ഭീഷണിയാണ്. ദിനേന വർധിക്കുകയാണ് നായ്ശല്യം. ഞായറാഴ്ച കൽപറ്റയിൽ 31 പേർക്കാണ് തെരുവ്നായുടെ കടിയേറ്റത്.

അരപ്പറ്റയിലെ നാലുപേർക്കും കടിയേറ്റിരുന്നു. മാർച്ചിൽ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 120 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചുവെങ്കിലും വ്യാപകരീതിയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തത് ഇവയുടെ ശല്യം വർധിപ്പിക്കുകയാണ്. കുടുംബശ്രീ മുഖേന നടപ്പാക്കിയിരുന്ന എ.ബി.സി പദ്ധതി പൊതുതാൽപര്യ ഹരജിയിന്മേലുള്ള കോടതി ഉത്തരവിനെത്തുടർന്ന് ജില്ലയിലും നിർത്തിവെക്കുകയായിരുന്നു. വെറ്ററിനറി വിഭാഗത്തിന് കീഴിലും ജില്ലയിൽ തെരുവുനായ് നിയന്ത്രണത്തിന് നിലവിൽ പദ്ധതികളൊന്നുമില്ല. 2021 ഡിസംബർ 17ലെ ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മുഖേന നടത്തിവന്നിരുന്ന എല്ലാ തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതികളും നിർത്തിവെക്കാൻ കുടുംബശ്രീ അധികൃതർ ജില്ല കോഓഡിനേറ്റർമാർക്ക് നിർദേശം നൽകുകയായിരുന്നു. ഇതോടെയാണ് വയനാട്ടിലും കുടുംബശ്രീ മുഖേന നടപ്പാക്കിത്തുടങ്ങിയിരുന്ന പദ്ധതികൾ നിർത്തിവെക്കേണ്ടി വന്നത്.

2020ൽ ഏഴുലക്ഷത്തോളം രൂപയും 2021ൽ അഞ്ചര ലക്ഷവും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീക്ക് നൽകിയിരുന്നു. ഈ തുക ഉപയോഗിച്ച് 2020ൽ 540ഉം 2021ൽ 262ഉം നായ്ക്കളെ വന്ധ്യംകരിച്ചു. എ.ബി.സി പദ്ധതി ഏറ്റെടുക്കാൻ കുടുംബശ്രീ സന്നദ്ധമാണെങ്കിലും കോടതിയുടെ സ്റ്റേയാണ് തടസ്സമാവുന്നത്. ഈ സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ എ.ബി.സി പദ്ധതി മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നത് മാത്രമാണ് ജനങ്ങൾക്ക് ആശ്വാസം നൽകുന്നത്.

ജില്ലയിൽ രണ്ട് എ.ബി.സി കേന്ദ്രങ്ങൾ

കൽപറ്റ: മാസങ്ങൾക്കുള്ളിൽ ജില്ലയിൽ രണ്ടു തെരുവ്നായ പ്രജനന നിയന്ത്രണ (എ.ബി.സി) കേന്ദ്രങ്ങൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ല പഞ്ചായത്തിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും നേതൃത്വത്തിലാണ് ആരംഭിക്കുന്നത്. ഇതിലേക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വിഹിതം കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പടിഞ്ഞാറത്തറയിലും സുൽത്താൻ ബത്തേരിയിലുമാണ് കേന്ദ്രങ്ങൾ. ബത്തേരിയിലേത് മേയ് മാസത്തിലും പടിഞ്ഞാറത്തറയിൽ ജൂലൈയിലും ആരംഭിക്കാൻ കഴിയുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ നിലവിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇവിടെയായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് അവർ നിർത്തിവെച്ചപ്പോൾ ജില്ല പഞ്ചായത്ത് മാർച്ചിൽ കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാർച്ച് മാസത്തിൽ 120 നായ്ക്കളെ വന്ധ്യംകരിച്ചു. 20 നായ്ക്കളെ ഒരു ദിവസം വന്ധ്യംകരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. തുടർന്ന് ഇവയെ മൂന്ന് ദിവസം ഭക്ഷണമടക്കം എല്ലാ പരിചരണങ്ങളും നൽകി നിരീക്ഷിക്കണം. അതിനാൽ, ആഴ്ചയിൽ 40ഓളം നായ്ക്കളെ മാത്രമേ വന്ധ്യംകരിക്കാൻ കഴിയൂ. പടിഞ്ഞാറത്തറയിൽ കെട്ടിടവും ഓപറേഷൻ തിയറ്ററും സജ്ജമാണ്. കൂട്, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കാനുണ്ട്. ജൂലൈയോടെ അവിടെയും എ.ബി.സി പദ്ധതി ആരംഭിക്കും. പദ്ധതി അംഗീകാരം മേയ് മാസത്തിലെ ലഭിക്കൂവെന്നതാണ് കാലതാമസത്തിന് കാരണം.

മൃഗസംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. ഡോക്ടർമാർ, പട്ടിപിടിത്തക്കാർ തുടങ്ങിയവരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. പിടിച്ചുകൊണ്ടുവരുന്ന നായ്ക്കളെ വന്ധ്യംകരിച്ച ശേഷം മൂന്നുദിവസം നിരീക്ഷിക്കും. തുടർന്ന് അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ കൊണ്ടുവിടും. പദ്ധതി തുടർച്ചയായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നടപ്പാക്കിയാൽ മാത്രമെ ഫലമുണ്ടാവുകയുള്ളൂവെന്ന് ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജൻ 'മാധ്യമ'ത്തോട് പറഞ്ഞു. 

Tags:    
News Summary - Street Dog harassment: Lack of effective planning is a setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.