കൽപറ്റ: സർവ മേഖലയിലും വില വർധനവുണ്ടായിട്ടും ഇപ്പോഴും ഏറ്റവും കുറഞ്ഞ കൂലിക്ക് തൊഴിലെടുക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം അനന്തമായി നീളുന്നു. തോട്ടം തൊഴിലാളികളുടെ കൂലി വർധന സംബന്ധിച്ചുള്ള ഓരോ ചർച്ചയും പ്രഹസനമാകുകയും സമരവും പ്രക്ഷോഭവും നടത്തിയാൽ മാത്രമേ അധികൃതർ കണ്ണുതുറക്കൂവെന്നുമുള്ള സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
ബുധനാഴ്ച തിരുവനന്തപുരത്ത് ട്രേഡ് യൂനിയൻ പ്രതിനിധികളും തോട്ടം ഉടമകളും ഉൾപ്പെടെ പങ്കെടുക്കുന്ന പി.എൽ.സി യോഗത്തിൽ ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ച നടക്കും. പി.എല്‍.സി യോഗത്തില്‍ തുക സംബന്ധിച്ച തീരുമാനമറിയിക്കാമെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചിട്ടുള്ളത്.
എന്നാൽ, കൂലിവർധന നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് നേരത്തെ തന്നെ തോട്ടമുടമകളുടെ സംഘടന എ.പി.കെ എടുത്തിട്ടുണ്ട്. ഇതിനാൽ ബുധനാഴ്ച നടക്കുന്ന ചർച്ചയിലും തൊഴിലാളികൾക്ക് പ്രതീക്ഷയില്ല.
കഴിഞ്ഞ തവണ 52 രൂപയുടെ വർധന വരുത്തിയാണ് വേതനം പുതുക്കി നിശ്ചയിച്ചത്. ഈ തുകയേക്കാൾ കൂടുതൽ വേണമെന്നാണ് യൂനിയനുകളുടെ ആവശ്യം. തൊഴിലാളികളുടെ കൂലി മൂന്നു വർഷം കൂടുമ്പോൾ പുതുക്കിനിശ്ചയിക്കണമെന്നാണ് വ്യവസ്ഥ. വേതനക്കരാർ കാലാവധി കഴിഞ്ഞ് പത്തുമാസത്തിലധികം കഴിഞ്ഞെങ്കിലും ചർച്ചകൾ നടക്കുന്നതല്ലാതെ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകാത്തതിൽ തൊഴിലാളികൾക്കിടയിൽ അമർഷമുണ്ട്.
ചർച്ചകൾക്കൊടുവിൽ കരാർ നടപ്പാക്കുമ്പോഴും ജീവിതച്ചെലവ് താങ്ങാനാകാതെ തൊഴിലാളികൾ കൂടുതൽ നിലയില്ലാക്കയത്തിലേക്ക് പോകുന്ന സ്ഥിതിയാണ്. അതേസമയം, ചായപ്പൊടിയുടെ വിലക്കുറവ് ചൂണ്ടിക്കാണിച്ചുള്ള ഉടമകളുടെ വിലപേശല്‍ അംഗീകരിക്കാനാകില്ലെന്നാണ് യൂനിയനുകളുടെ നിലപാട്. മുമ്പ് ചായപ്പൊടിക്ക് ഉയര്‍ന്ന വില ലഭിച്ചപ്പോഴും തൊഴിലാളികളുടെ വേതനത്തില്‍ നാമമാത്ര വര്‍ധന മാത്രമാണ് നല്‍കിയിരുന്നതെന്ന് യൂനിയനുകള്‍ ആരോപിക്കുന്നു.
നിലവിൽ 419 രൂപയാണ് തോട്ടം തൊഴിലാളികൾക്ക് പ്രതിദിനം വേതനമായി ലഭിക്കുന്നത്. മറ്റു തൊഴിലിടങ്ങളിൽ കുറഞ്ഞത് 700 രൂപക്ക് മുകളിൽ പ്രതിദിന വരുമാനം ലഭിക്കുമ്പോഴാണ് ഇപ്പോഴും തോട്ടം തൊഴിലാളികൾക്ക് തുച്ഛമായ വേതനം നൽകുന്നത്. പ്രതിദിന വേതനം 700 രൂപയാക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. എന്നാല്‍, ഇത് ഇത്തവണയും 500 രൂപയില്‍ പോലുമെത്തില്ലെന്നാണ് വിവരം. 2021 ഡിസംബര്‍ 31നാണ് തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി അവസാനിച്ചത്.
കഴിഞ്ഞ ജനുവരി മുതല്‍ പുതുക്കിയ ശമ്പളം നല്‍കണമെന്നിരിക്കെ, 10 മാസം പിന്നിട്ടിട്ടും ഇപ്പോഴും ചർച്ചകൾ പൂർത്തിയായിട്ടില്ല. ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ മുൻകാല പ്രാബല്യം ലഭിക്കുമോ എന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്. വേതന വര്‍ധന സംബന്ധിച്ച് ബുധനാഴ്ചത്തെ യോഗത്തിലും ധാരണയായില്ലെങ്കില്‍ തോട്ടം മേഖല വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകും.
കല്‍പറ്റ: തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ ചര്‍ച്ചകളില്‍ പ്രതീക്ഷയില്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് 100 രൂപ ഇടക്കാലാശ്വാസം നല്‍കണമെന്നും എച്ച്.എം.എസ് വൈത്തിരി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമീപകാലത്തൊന്നും പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) ചര്‍ച്ച ചെയ്ത് സേവന–വേതന വ്യവസ്ഥ പുതുക്കിയിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ് തോട്ടം തൊഴിലാളികള്‍. ഫാം തൊഴിലാളികള്‍ക്ക് 700 രൂപ പ്രതിദിന വേതനം ലഭിക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്ക് 419 രൂപ മാത്രമാണ് ലഭിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയും ഉപജീവനം സാധ്യമല്ലാതാകുകയും ചെയ്തതോടെ നിരവധി പേര്‍ ജോലി ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് മാറി.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ തൊഴിലാളികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞെന്നും ഭാരവാഹികള്‍ പറഞ്ഞു. ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ തോട്ടമുടമകളുടെ നിലപാട് കാരണം നീണ്ടുപോകുകയാണെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും എച്ച്.എം.എസ് ജില്ല ജന. സെക്രട്ടറി എന്‍.ഒ. ദേവസി, വൈത്തിരി ഏരിയ പ്രസിഡന്റ് എം.പി. ഷൈജു, എം. അലവി, കെ.വി. വിജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.