representational image

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം; സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രവർത്തനം ചൊവ്വാഴ്ച മുതൽ

കൽപറ്റ: പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി 'വെറ്റ് ഓണ്‍ വീല്‍സ്' സഞ്ചരിക്കുന്ന മൃഗാശുപത്രി നവംബര്‍ ഒന്ന് മുതല്‍ പ്രവർത്തനം തുടങ്ങും. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരു പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനമാണ് 'വെറ്റ് ഓണ്‍ വീല്‍സ്'.

നിലവില്‍ പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലുമായി രണ്ട് മൃഗാശുപത്രികളിലായി രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. അവശ്യഘട്ടങ്ങളില്‍ അടിയന്തര ചികിത്സ ലഭിക്കാത്ത സാഹചര്യം ക്ഷീര കര്‍ഷകര്‍ക്ക് ഗുരുത സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു.

പാല്‍ വിലയും ഉൽപാദന ചെലവും രോഗങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടവും പശുവളര്‍ത്തല്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ സേവനം വീട്ടുമുറ്റത്തെത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.

ഒരു സന്ദര്‍ശനത്തിന് കര്‍ഷകന്‍ 100 രൂപ മാത്രം ഫീസ് അടച്ചാല്‍ മതിയാവും. വാഹനം, ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരിക്കും.

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ പുല്‍പ്പളളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൃഗാശുപത്രി ഒ.പിയില്‍ കൊണ്ടുവരാവുന്ന പട്ടി, പൂച്ച തുടങ്ങിയ ഓമന മൃഗങ്ങളുടെ ചികിത്സ ഈ സംവിധാനത്തില്‍ ലഭിക്കില്ല.

പുല്‍പള്ളി മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജനാണ് സംയുക്ത പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍. മറ്റ് മൃഗ ശുശ്രൂഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും പുല്‍പ്പള്ളി, പാടിച്ചിറ മൃഗാശുപത്രികളിലെ വെറ്റിനറി സര്‍ജന്‍മാരുടെ സേവനം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെ സാധാരണ രീതിയില്‍ ലഭ്യമായിരിക്കും.

സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെറ്റിനറി സര്‍ജന്‍ ഡോ.ബി. സാഹിദയും അറ്റന്‍ഡര്‍ പി.എസ്. മനോജ് കുമാറും നേതൃത്വം നല്‍കും. മുള്ളന്‍ കൊല്ലി ഗ്രാമപഞ്ചായത്തിലെ ആറ് ക്ഷീര സംഘങ്ങളും പുല്‍പ്പള്ളി ക്ഷീരസംഘവും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

Tags:    
News Summary - Relief for dairy farmers-mobile veterinary hospital will begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.