കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനുപുറമെ മത്സരം ഇൻഡ്യ മുന്നണിണിയിൽതന്നെയുള്ള രണ്ടു പ്രമുഖ നേതാക്കൾ തമ്മിലാണെന്നതും ചർച്ചയാകും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു സി.പി.ഐ അവരുടെ കരുത്തുറ്റ ദേശീയ നേതാവിനെതന്നെ വയനാട് പാർലമന്റ് മണ്ഡലത്തിലേക്ക് ഇറക്കിയത്.
‘ഇൻഡ്യ’ സഖ്യത്തിലെ തന്നെ മറ്റൊരു പ്രധാന കക്ഷിയോട് അതും ദേശീയ നേതൃത്വത്തിൽ തന്നെയുള്ള രാഹുൽ ഗാന്ധിയുമായി വളരെ അടുപ്പമുള്ള ഒരാളോട് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് ദേശീയ തലത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലും ബി.ജെ.പി ഇത് ആയുധമാക്കാനുള്ള സാധ്യതയുമുണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം വാദം ഉയർത്തിരുന്നു. എന്നാൽ, കേരളത്തിൽ കോൺഗ്രസിനു പരമാവധി സീറ്റ് നേടാൻ രാഹുൽ ഇവിടെ തന്നെ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദവും രാഹുൽ ഗാന്ധിയുടെ താൽപര്യവുമാണ് അദ്ദേഹം വീണ്ടും പട്ടികയിൽ ഇടം പിടിച്ചത്.
അതേസമയം, കഴിഞ്ഞ തവണ രാഹുൽ തരംഗം വീശിയതുപോലെ ഇത്തവണ സംസ്ഥാനത്ത് അത്തരമൊരു സാഹചര്യം ഉണ്ടാവില്ലെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞതവണ കേരള ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനായ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. ആനി രാജയുടെ സാന്നിധ്യംമൂലം ഇത്തവണ അതിലേക്കെത്തുമോ എന്ന കാര്യത്തിൽ കോൺഗ്രസിൽ ആശങ്കയുണ്ട്.
യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി രാഹുൽ ഗാന്ധിയും ആനി രാജയും കൊമ്പുകോർക്കുമ്പോൾ എൻ.ഡി.എ ആരെ ഇറക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ തുഷാർ വെള്ളാപ്പള്ളിയായിരുന്നു സ്ഥാനാർഥി. എന്നാൽ, ഇത്തവണ സീറ്റ് ബി.ജെ.പിക്കു വിട്ടുകൊടുത്തു. കോൺഗ്രസിൽ നിന്ന് ബി.ജെ.പി ക്യാമ്പിലെത്തിയ പത്മജ വേണുഗോപാലിന്റെ പേര് സജീവമായി കേൾക്കുന്നുണ്ടെങ്കിലും ബി.ജെ.പിയിൽ നല്ലൊരു വിഭാഗം ഇതിനെ ശക്തമായി എതിർക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.