കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതിയിൽ വീട് വേണ്ടെന്ന് സമ്മതപത്രം നൽകിയ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ ഈ മാസംതന്നെ നൽകുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സംസ്ഥാന ദുരന്തനിവാരണനിധി എന്നിവയിൽനിന്ന് ഇതിനായി 16.05 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. വീട് വേണ്ടെന്ന് അറിയിച്ചവർക്ക് പകരമായി 15 ലക്ഷം രൂപ നൽകിയാലും സർക്കാർ ഒരുമാസത്തെ വീട്ടുവാടകകൂടി ഇവർക്ക് നൽകും.
ജൂലൈ വരെ കുടുംബത്തിലെ രണ്ടുപേർക്ക് മാസം 18,000 രൂപ ജീവനോപാധിയും കിട്ടും. 107 കുടുംബങ്ങളാണ് ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് സമ്മതപത്രം നൽകിയത്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വീട് നൽകിയവരാണ് ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ആവശ്യപ്പെട്ടവരിൽ ഭൂരിഭാഗവും. ഇവർക്കുൾപ്പെടെ 15 ലക്ഷം രൂപ ലഭിക്കും. ടൗൺഷിപ്പിൽ 402 കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഇവർക്ക് ഏഴ് സെന്റിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടുകളാണ് നിർമിക്കുക.
അതേസമയം, ദുരന്തബാധിത കുടുംബങ്ങളിലെ രണ്ടുപേർക്ക് ജീവനോപാധിയായി ദിവസം 300 രൂപ നൽകാൻ എട്ട് കോടി രൂപകൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ ആദ്യ മൂന്നു മാസം 2188 പേർക്ക് ജീവനോപാധി നൽകിയിരുന്നു. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ തുകയായി 5.88 കോടി രൂപ വിനിയോഗിച്ചു. പിന്നീട് സർക്കാർ പ്രത്യേക തീരുമാനമെടുത്ത് ഒമ്പതു മാസത്തേക്കുകൂടി ധനസഹായം നീട്ടി. ഒമ്പതു മാസത്തിലെ ആദ്യ മൂന്നു മാസത്തെ തുക ഇതിനോടകം വിതരണം ചെയ്തുവെന്നാണ് ഔദ്യോഗിക ഭാഷ്യം.
ജീവനോപാധി നഷ്ടപ്പെട്ടവരായി കണ്ടെത്തിയ 1117 പേർക്കാണ് തുക നൽകിയത്. ബാക്കിയുള്ള ആറ് മാസത്തെ തുക കണക്കാക്കിയാണ് എട്ട് കോടി രൂപ അനുവദിച്ചത്. ദുരന്തബാധിതരുടെ ഉപജീവനത്തിന് നിലവിൽ നടപ്പാക്കുന്ന 1.8 കോടി രൂപയുടെ പദ്ധതികൾക്കു പുറമേ 3.62 കോടി രൂപയുടെകൂടി പദ്ധതി കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. സർക്കാർ നിർദേശ പ്രകാരം ജില്ല മിഷനാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. ആദ്യഘട്ടത്തിൽ 98 സംരംഭങ്ങൾക്ക് അംഗീകാരം നൽകിയാണ് 1.8 കോടി രൂപ അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ രണ്ട് ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്കാണ് തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.