കല്‍പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വിലയടക്കം നാൾക്കുനാൾ വർധിക്കുമ്പോഴും തോട്ടംതൊഴിലാളികളുടെ തുച്ഛവരുമാനം മാറ്റമില്ലാതെ തുടരുന്നു. ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ എങ്ങുമെത്താത്തതിന്റെ നിരാശയിലാണ് ജില്ലയിലേതടക്കം ആയിരക്കണക്കിന് തോട്ടംതൊഴിലാളികൾ.
കഴിഞ്ഞയാഴ്ച ചേർന്ന പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗത്തിലും തൊഴിലാളികളെ ബാധിക്കുന്ന സുപ്രധാന വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ജനുവരി മുതല്‍ പുതുക്കേണ്ട തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ കരാര്‍ പത്തു മാസം പിന്നിട്ടിട്ടും പ്രാഥമിക ചര്‍ച്ചകളില്‍ ഒതുങ്ങിനില്‍ക്കുകയാണ്. ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
15 രൂപ വര്‍ധിപ്പിക്കാമെന്നാണ് യോഗത്തില്‍ തോട്ടം മാനേജ്‌മെന്റുകൾ സ്വീകരിച്ച നിലപാട്. എന്നാൽ, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് നേരിയ ആശ്വാസമെങ്കിലും ലഭിക്കാൻ പ്രതിദിന വേതനം 700 രൂപയാക്കണമെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം.
നിലവില്‍ 419 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. 281 രൂപ വർധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം അവഗണിച്ചാണ് 15 രൂപ വർധനയെന്ന നിലപാടിൽ മാനേജ്മെന്റുകൾ നിലകൊള്ളുന്നത്. 2017 ഡിസംബര്‍ 31ന് കാലാവധി കഴിഞ്ഞ കരാർ ഒരു വര്‍ഷത്തിലധികം പിന്നിട്ട ശേഷമാണ് കഴിഞ്ഞ തവണ പുതുക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇടക്കാലാശ്വാസമായി 50 രൂപ പ്രഖ്യാപിക്കുകയും പിന്നീട് രണ്ടുരൂപ കൂടി കൂട്ടി 52 രൂപയുടെ വര്‍ധനവാണ് അന്ന് വരുത്തിയത്. ഇതിന് മുന്‍കാല പ്രാബല്യം നല്‍കിയിരുന്നില്ല.
വര്‍ധനവായി 52 രൂപയുടെ മുകളിലുള്ള സംഖ്യ പറയണമെന്ന ലേബര്‍ കമീഷണറുടെ നിര്‍ദേശം മാനേജ്മെന്റ് പ്രതിനിധികൾ കഴിഞ്ഞ യോഗത്തിൽ അനുസരിച്ചില്ല. 100 രൂപയുടെ വര്‍ധനവിന് പോലും സാധ്യതയില്ലെന്ന പ്രതീതിയാണ് നിലവിലുള്ളത്. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പ്രധാന പ്രഖ്യാപനമായ മിനിമം വേതനം 700 രൂപയെന്നത് തോട്ടം തൊഴിലാളികള്‍ക്ക് ലഭിക്കാന്‍ ഇനിയുമേറെ കാലം കാത്തിരിക്കേണ്ടി വരും.
ഇതിനകം നാല് പി.എല്‍.സി യോഗങ്ങളാണ് ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്നത്. ഇവയൊക്കെ തൊഴിലാളികൾക്ക് നിരാശയാണ് സമ്മാനിച്ചത്. എല്ലാ മേഖലകളിലും വിലവർധന തുടർക്കഥയാവുന്ന വേളയിൽ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കേണ്ടിവരുന്നതിന്റെ പ്രയാസത്തിലാണ് തൊഴിലാളികൾ.
വേതന പരിഷ്കരണമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് തോട്ടംമേഖലയിലെ വിവിധ യൂനിയനുകൾ സമരരംഗത്തുണ്ട്. മെച്ചപ്പെട്ട വേതനം ലഭ്യമാക്കാൻ സർക്കാർ ശക്തമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.