കൽപറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിെൻറ സഹകരണത്തോടെ ജില്ലയിൽ ശാസ്ത്ര ഗവേഷണ കേന്ദ്രം വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിദ്യാർഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചി വളർത്തുക, ഹരിത സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കുക, കാർബൺ പുറംതള്ളുന്നത് കുറഞ്ഞ ജീവിതശൈലി പരിചയപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം പ്രാവർത്തികമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സയൻസ് ടെക്നോളജി എജുക്കേഷൻ ആൻഡ് റിസർച്ച് സെൻറർ (എസ്.ടി.ഇ.ആർ.സി) തുടങ്ങുന്നത്.
മീനങ്ങാടിയിൽ പരിഷത് ഭവെൻറ അനുബന്ധ കെട്ടിടത്തിലാണ് ശാസ്ത്രകേന്ദ്രം താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുക. രാവിലെ 10.30ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും. ജില്ലയിലെ 635 കുടുംബങ്ങളിൽ പരിഷത് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഹരിതഭവനം പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചു. ഓരോ വീട്ടിലും കാർബൺ പാദമുദ്ര കുറച്ചുകൊണ്ട് സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനമാണിത്.
ത്രിതല പഞ്ചായത്തുകളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അഞ്ചു വർഷം കൊണ്ട് ജില്ലയിലെ വീടുകളിൽ മുഴുവൻ ഹരിതസാങ്കേതികവിദ്യ വ്യാപിപ്പിക്കും. സയൻസ് സെൻററിൽ ഒരുക്കുന്ന സ്കിൽ വികസന കേന്ദ്രത്തിൽ സൂക്ഷ്മവ്യവസായത്തിൽ പരിശീലനം നൽകും. തുടക്കത്തിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകി എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനമാണ് നൽകുക. വിദ്യാർഥികൾക്ക് ഹരിതസാങ്കേതികവിദ്യ പരിചയം പ്രായോഗികമായി നൽകുന്നതിന് സ്ഥിരം പ്രദർശനം ഒരുക്കും. പൊതുജനങ്ങൾക്കും ഈ വേദി പ്രയോജനപ്പെടും.
വാർത്തസമ്മേളനത്തിൽ എസ്.ടി.ഇ.ആർ.സി ചെയർമാൻ പ്രഫ. കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ, ചീഫ് എക്സിക്യുട്ടിവ് ഓഫിസർ എം. പ്രകാശ്, എം.കെ. ദേവസ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.