പൊടിശല്യം രൂക്ഷമായ കൈനാട്ടി-കമ്പളക്കാട് റോഡ്
കമ്പളക്കാട്: കൈനാട്ടി-കമ്പളക്കാട് റോഡ് നവീകരണത്തിന്റെ ഭാഗമായി കുത്തിപ്പൊളിച്ച് മാസങ്ങള്‍ പിന്നിട്ടതോടെ യാത്രക്കാര്‍ ദുരിതത്തില്‍. നടുവൊടിയും യാത്രയിൽ പൊടിശല്യവും രൂക്ഷമാണ്. ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പെടുന്നതും പതിവായി.
ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ നവീകരണ പ്രവൃത്തികൾക്ക് ആദ്യഘട്ടത്തിൽ വേഗമുണ്ടായിരുന്നെങ്കിലും ഒരു മാസമായി ഇഴഞ്ഞുനീങ്ങുകയാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് പ്രവൃത്തി മാസങ്ങള്‍ക്ക് മുമ്പാണ് ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്തത്. തുടര്‍ന്ന് 15ഓളം സ്ഥലങ്ങളില്‍ കല്‍വര്‍ട്ടുകള്‍ നിർമിച്ചു. റോഡിലെ പഴയ ടാറിങ് ഇളക്കിമാറ്റി മെറ്റല്‍ പാകിയും ഉറപ്പിച്ചും പ്രവൃത്തികള്‍ വേഗത്തില്‍ നടന്നു. എന്നാല്‍, കഴിഞ്ഞ മാസം മുതൽ പ്രവൃത്തിയുടെ വേഗം കുറഞ്ഞുവന്നു.
മടക്കിമലയില്‍ ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഊരാളുങ്കല്‍ സൂപ്പര്‍വൈസറെ സമീപിച്ചെങ്കിലും പരാതിയുണ്ടെങ്കില്‍ പി.ഡബ്ല്യു.ഡി എന്‍ജിനീയറെ സമീപിക്കാനാണ് പറഞ്ഞത്. പണി മുടങ്ങിയതോടെ പൊടിതിന്ന് ദുരിതം പേറുകയാണ് യാത്രക്കാർ. റോഡ് കുത്തിക്കിളച്ചത് കാരണം ഏറെ സാഹസികമാണ് യാത്ര. അസംസ്കൃത ഉല്പന്നങ്ങളുടെ ലഭ്യതക്കുറവാണ് പ്രവൃത്തി ഇഴയാന്‍ കാരണമെന്നാണ് സൂചന.
അതേസമയം, പ്രവൃത്തികൾക്കാവശ്യമായ മെഷിനറികൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയതാണ് പണി ഇഴയാൻ കാരണമെന്നും പറയപ്പെടുന്നു. ഫണ്ട് ലഭ്യത കുറഞ്ഞതാണ് പ്രവൃത്തികള്‍ നിലക്കാന് കാരണമെന്നും ആരോപണമുണ്ട്. ജില്ലയിലെ വിവിധ റോഡ് പ്രവൃത്തികള്‍ ഒന്നിച്ച് ഏറ്റെടുത്ത ഊരാളുങ്കല്‍ ഒരേസമയം പല സ്ഥലത്തായി പ്രവൃത്തി നടത്തുന്നതിനാലാണ് പ്രവൃത്തികള്‍ നീണ്ടുപോകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇളകിക്കിടക്കുന്ന കല്ലുകള്‍ കാരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് പതിവാണ്. ബസ് യാത്രക്കാരും സ്കൂള്‍ കുട്ടികളും പൊടിയില്‍ കുളിച്ചാണ് യാത്ര ചെയ്യുന്നത്. റോഡരികിലെ കച്ചവട സ്ഥാപന ഉടമകളും വീട്ടുകാരും പൊടി തിന്ന് മടുത്തു. വയനാട് മെഡിക്കല്‍ കോളജില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സും ഈ റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. റോഡ് പണി വേഗം പൂർത്തിയാക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.