ഗൂഡല്ലൂർ: ജന്മം ഭൂമി കേസ് സുപ്രീം കോടതിയിൽ വാദിക്കാൻ ഉത്തരവിറക്കി തമിഴ്നാട് സർക്കാർ. ഗൂഡല്ലൂർ ജന്മിത്വ നിരോധന നിയമത്തിലൂടെ സർക്കാർ ഏറ്റെടുത്ത സെക്ഷൻ 17 ഭൂമി സംബന്ധിച്ച് കേസ് ആദ്യമായാണ് തമിഴ്നാട് സർക്കാർ കോടതിയിൽ വാദിക്കുന്നത്. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ് നൽകി. ജന്മം ഭൂമി സംബന്ധിച്ചു നിരവധി കേസുകൾ സുപ്രീംകോടതിയിലും ചെന്നൈ ഹൈകോടതിയിലും നിലനിൽക്കുന്നുണ്ട്. ഈ കേസുകളിൽ കർഷകർക്ക് അനുകൂലമായി വാദിക്കുന്നതിനാണ് രണ്ടു കോടതികളിലും നിയമവിദഗ്ധരെ സർക്കാർ നിയോഗിച്ചത്.
സുപ്രീംകോടതി അഡീഷനൽ അഡ്വക്കേറ്റ് ജനറൽ ബാലാജി സുബ്രഹ്മണ്യം, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ഡോ. ശ്രീനിവാസൻ, മുതിർന്ന അഭിഭാഷകരായ എ. ശരവണൻ, എൻ. കൃഷ്ണമൂർത്തി എന്നിവരുടെ പാനലിനെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ അധീനതലുണ്ടായിരുന്ന ഗൂഡല്ലൂരിലെ ജന്മി ഭൂമി 1969ലാണ് ജന്മിത്വ നിരോധന നിയമത്തിലൂടെ തമിഴ്നാട് സർക്കാർ ഏറ്റെടുത്തത്.
ഇതിനെതിരെ തോട്ടമുടകൾ കോടതിയിൽ എത്തിയതോടെ കൂടുതൽ നിയമ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. 1995ൽ നിലമ്പൂർ കോവിലകത്തിലെ ഗോദവർമ്മ തിരുമുൽപാടിന്റെ പൊതുതൽപര്യ ഹർജിയാണ് വീണ്ടും ഈ കേസ് വിവാദത്തിലാക്കുന്നത്. മുൻ സർക്കാറിന്റെ കാലത്ത് ജന്മഭൂമി സംബന്ധിച്ച് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഗിരിജ വൈദ്യനാഥൻ ഗൂഡല്ലൂരിലെ ഭൂമിയിൽ കൈയേറ്റക്കാർ മാത്രമാണെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത് വിവാദമായിരുന്നു.
ജന്മഭൂമിയിലെ 10,000 വീടുകളാണ് ഇന്നും വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിൽ കഴിയുന്നത്. കർഷകർ കൈയേറ്റക്കാരെല്ലെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ജന്മഭൂമിയിൽ സംബന്ധിച്ചുള്ള പ്രതിസന്ധികൾ മാറ്റി കർഷകർക്ക് പട്ടയം നൽകുമെന്നും വൈദ്യുതിയില്ലാത്ത വീടുകൾക്ക് വൈദ്യുതി നൽകുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വാഗ്ദാനം നൽകിയിരുന്നു.
ജന്മം ഭൂമിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്നാണ് കേസുകൾ വാദിക്കുന്നതിനായി അഭിഭാഷകരെ നിയമിച്ച് ഉത്തരവിട്ടത്. ജന്മം ഭൂമിയിലെ കർഷകരുടെ പ്രതിസന്ധികൾ സർക്കാർ സുപ്രീംകോടതിയെ ധരിപ്പിക്കുന്നതിനായി നൽകിയ ഉത്തരവ് ഗൂഡല്ലൂരിലെ കർഷകർ പ്രതീക്ഷയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.