മാനന്തവാടി: ജില്ലയിലെ കൃഷി ഓഫിസുകളിൽ അനധികൃത കരാർ നിയമനമെന്ന് ആരോപണം. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരും വകുപ്പ് ഭരിക്കുന്ന പാർട്ടി നേതാക്കളും ചേർന്ന് കരാർ നിയമനം നടത്തുന്നതെന്നാണ് പരാതി. ആറു വർഷത്തോളമായി ഒരേ ആളുകൾ തന്നെ ഇത്തരത്തിൽ ജോലി ചെയ്ത് വരുകയാണ്. കൃഷിഭവനുകളിൽ നിയമിച്ച 26പേർ ഉൾപ്പെടെ 74 പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. നിലവിൽ കരാർ പ്രകാരം കാലാവധി കഴിഞ്ഞെങ്കിലും ഇവർ ഇപ്പോഴും ജോലിയിൽ തുടരുകയാണ്. ഉന്നതരെ സ്വാധീനിച്ച് ഇവരുടെ കരാർ പുതുക്കി നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.
മാസം ഇരുപതിനായിരത്തോളം രൂപ ശമ്പളം ലഭിക്കുന്ന ഉദ്യോഗാർഥികൾ നിശ്ചിത വിഹിതം ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും നൽകിയാണ് ജോലിയിൽ തുടരുന്നത്. നിലവിൽ ഇവർക്ക് ശമ്പളം നൽകാൻ ഫണ്ടില്ലെങ്കിലും വയനാട് പാക്കേജിന്റെ ഭാഗമായി കലക്ടറുടെ അക്കൗണ്ടിൽ ലഭ്യമായ തുക ഇവരുടെ ശമ്പളം നൽകാൻ വകമാറ്റാനുള്ള ശ്രമം അണിയറയിൽ സജീവമായി നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തേണ്ട നിയമനമാണ് ഉദ്യോഗസ്ഥർ അട്ടിമറിച്ച് കരാർ നിയമനം നടത്തുന്നത്. ഇതുമൂലം എംപ്ലോയ്മെന്റിൽ പേരുകൾ രജിസ്റ്റർ ചെയ്ത നിരവധി ഉദ്യോഗാർഥികളുടെ അവസരമാണ് അധികൃതർ നഷ്ടപ്പെടുത്തുന്നത്. സ്വാധീനമില്ലാത്തവർക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. അനധികൃതമായി ഇത്തരത്തിൽ കരാർ നിയമനം നീട്ടി നൽകുന്നതിനെതിരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താത്തിനെതിരെയും ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സ്കീം ഇല്ലാത്തതിനാൽ തുടരാനാകില്ലെന്നും അത്തരത്തിൽ കരാർ ജീവനക്കാർ ജോലിയിൽ തുടരുന്നില്ലെന്നുമാണ് അറിവെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.