പരിസ്ഥിതി ലോലം: വയനാട്ടിൽ ബാധിക്കുക 2.5 ലക്ഷം ആളുകളെ -കിഫ

സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പായാൽ വയനാട്ടിൽ മാത്രം 150 ചതുരശ്ര കിലോമീറ്റർ ഭൂമിയെയും 2.5 ലക്ഷം ആളുകളെ ബാധിക്കുമെന്ന് ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്‌സ് ഒഴുകയിൽ പറഞ്ഞു. കിഫ സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയിലുള്ള പരിധി കുറക്കൽ കേരളത്തിലെ ഒന്നോ രണ്ടോ വന്യജീവി സങ്കേതങ്ങൾക്ക് ബാധകമായേക്കാം, എന്നാൽ മിക്ക വന്യജീവി സങ്കേതങ്ങൾക്കും ഇത് ബാധകമല്ല. പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്തം മുഴുവൻ ജനതയുടേതുമാണെന്നും വന്യജീവി സങ്കേതങ്ങളുടെ സമീപം താമസിക്കുന്നവരുടെ മേൽ മുഴുവൻ ബാധ്യതയും കെട്ടിവെക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ, ബേക്കറി അസോസിയേഷൻ, വ്യാപാരി വ്യവസായികൾ, തിയറ്റർ ഓണേഴ്സ് അസോസിയേഷൻ, വയനാട് ചേംബർ ഓഫ് കോമേഴ്സ് തുടങ്ങിയ സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.

കിഫ നിർദേശങ്ങൾ:

• വന്യജീവി സംരക്ഷണ നിയമത്തിലെ 26A വകുപ്പ് പ്രകാരം പ്രഖ്യാപിക്കാത്ത കേരളത്തിൽ നിലവിലുള്ള വന്യജീവി സങ്കേതങ്ങൾ റദ്ദാക്കുക.

• വന്യജീവി സങ്കേതങ്ങളുടെ അതിരുകൾ വനത്തിനുള്ളിൽ കുറഞ്ഞത് രണ്ട് കിലോമീറ്ററായി കുറയ്ക്കുക, അങ്ങനെ പരിസ്ഥിതി സംവേദക മേഖല ജനവാസ പ്രദേശങ്ങളെ ഒഴിവാക്കുന്നു.

• ഇവ സാധ്യമായില്ലെങ്കിൽ മാർക്കറ്റ് മൂല്യത്തിനനുസരിച്ച് നഷ്ടപരിഹാരം നൽകുക. ഏറ്റവും കുറഞ്ഞ പരിധി സെന്‍റിന് ഒരു ലക്ഷം എന്ന് നിശ്ചയിക്കുക.

'വിധി വയനാട് വന്യജീവി സങ്കേതത്തിന് ബാധകമാണോ എന്ന് സർക്കാർ വ്യക്തത വരുത്തണം'

സുൽത്താൻ ബത്തേരി: സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖല വിധി വയനാട് വന്യജീവി സങ്കേതത്തിന് ബാധകമാണോ എന്ന് സർക്കാർ വ്യക്തത വരുത്തണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും ഒരു കി.മീ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ മാത്രമാണ് വിധി ബാധകമാവുക.

1991 മുതൽ മാത്രമാണ് വനങ്ങളെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്ന കേന്ദ്രനിയമം നടപ്പിൽ വരുന്നത്.

1972ലെ വന്യജീവിസംരക്ഷണ നിയമത്തിൽ 1991ൽ കൂട്ടിച്ചേർത്ത 26 എ വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാലോ, 65 (3), (4) വകുപ്പുകൾ പ്രകാരം കൽപിത പദവി ലഭിച്ചാലോ മാത്രമെ ഒരു വനത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാൻ സാധിക്കൂ.

വയനാട് വന്യജീവി സങ്കേതം സംബന്ധിച്ച് നോട്ടിഫിക്കേഷൻ 1973ലെ കേരള വനനിയമം 71 ാം വകുപ്പ് പ്രകാരമുള്ളതാണ്. ഈ വിജ്ഞാപനത്തിൽ വ്യക്തമായി അതിർത്തി നിശ്ചയിക്കാത്ത 344.4 ച.കി.മീ വനത്തിന് 'വയനാട് വന്യജീവി സങ്കേതം' എന്ന പേരു നൽകുക മാത്രമാണ് ചെയ്തത്. വനത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല.

കേരള ഫോറസ്റ്റ് ആക്ടിൽ അതിനുള്ള വകുപ്പുമില്ല. അതിനാൽ, വയനാട് വന്യജീവി സങ്കേതം, നിയമപരമായി നിലനിൽപ്പുള്ള വിജ്ഞാപന പ്രകാരമോ കൽപിത പദവിയാലോ വന്യജീവി സങ്കേതത്തിന്‍റെ നിർവചനത്തിൽ ഉൾപ്പെട്ടില്ല. ഇതു സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാറാണ്.

അതിന് രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വയനാട് വന്യജീവിസങ്കേതം സംബന്ധിച്ച് നിയമപരമായി പ്രാബല്യമുള്ള വിജ്ഞാപനം ഇല്ലായെങ്കിൽ ലളിതമായി പ്രശ്നം പരിഹരിക്കാൻ കഴിയും.

സുപ്രീംകോടതി വിധി വയനാട് വന്യജീവി സങ്കേതത്തിൽ സാങ്കേതികമായി നടപ്പാക്കാനാവില്ലെന്ന് സംസ്ഥാന സർക്കാറിന് തീരുമാനിക്കാനാവുമെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.

അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, മോഹൻ നവരംഗ്, ജേക്കബ് ബത്തേരി, ജോസ് കപ്യാർമല, നാസർ കാസിം, അബ്ദുൽ റസാഖ്, ഐസൻ ജോസ്, ഇ.പി. മുഹമ്മദാലി, ജോയിച്ചൻ വർഗീസ് എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.