മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്

മാനന്തവാടി: സുഹൃത്തിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യത്തിൽ സയനൈഡ് കലർത്തി മൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം നീതി തേടി കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ അന്വേഷണങ്ങളിലും കോടതിയിൽ നടക്കുന്ന വിചാരണയും സുതാര്യമല്ലാത്തതിനാൽ സി.ബി.ഐ കേസന്വേഷിക്കണമെന്നാണ് ഹൈകോടതിയിൽ നൽകുന്ന ഹരജിയിൽ ആവശ്യപ്പെടുകയെന്നാണ് അറിയുന്നത്.

2018 ഒക്ടോബർ മൂന്നിന് വെള്ളമുണ്ട മൊതക്കരകവുംകുന്ന് ഉന്നതിയിലെ തിക് നായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവരാണ് മരിച്ചത്. പിതാവ് മദ്യം കഴിച്ചാണ് മരിച്ചതെന്നറിയാതെയാണ് മറ്റ് രണ്ടുപേരും ഇതേ മദ്യം കഴിക്കുകയും മരിക്കുകയും ചെയ്തത്. ആറാട്ടുതറ പാലത്തിങ്കൽ സന്തോഷാണ് സയനൈഡ് കലർത്തിയ മദ്യം നൽകിയത്. സംഭവം അന്വേഷിച്ച വെള്ളമുണ്ട പൊലീസ് 2019ൽ എസ്.എസ്.ടി, സ്പെഷൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

തുടർന്ന് വിചാരണ ആരംഭിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു വാദികൾക്കായി കോടതിയിൽ ഹാജരായിരുന്നത്. ആറ് വർഷത്തോളം നീണ്ട വിചാരണയിൽ നിരവധി സാക്ഷികളെ വിസ്തരിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. 2025 ജൂലൈ 14ന് ഇദ്ദേഹം പ്രോസിക്യൂട്ടർ സ്ഥാനം ഒഴിവാവുകയും തൊട്ടുപിന്നാലെ പ്രതിക്കായി കോടതിയിൽ ഹാജരാകുകയും ചെയ്തത് വലിയ വിവാദമായി. പ്രതിഭാഗത്തിന് അനുകൂലമായി സാക്ഷി കൂറുമാറുകയും ചെയ്തതോടെ തങ്ങൾക്ക് നീതി കിട്ടില്ലെന്ന് കുടുംബത്തിന് ബോധ്യമായി. ഇതോടെയാണ് കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - Murder by mixing cyanide in alcohol; Family moves High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.