വൈത്തിരി: പരിമിതികൾക്കിടയിലും കോവിഡിനെ വിജയകരമായി തടഞ്ഞുനിർത്തിയ വയനാടിെൻറ പ്രതിരോധ കോട്ടക്ക് ഒടുവിൽ വിള്ളൽ വീഴുകയാണോ? അടുത്തിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധന വലിയ ആശങ്കക്കിടയാക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴാണ്, വയനാട്ടിൽ രോഗികൾ വർധിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നത്, ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധന ഉണ്ടാക്കിയിട്ടുണ്ട്.
എന്നാൽ, പലയിടങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതാണ് യഥാർഥ്യം. ഇതിെൻറ ഭാഗമായാണ് കുറുമ്പാലക്കോട്ട, അമ്പുകുത്തിമല എന്നീ വിനോദ കേന്ദ്രങ്ങൾ ജില്ല ഭരണകൂടത്തിന് താൽക്കാലികമായി അടച്ചിടേണ്ടിവന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം ജനങ്ങൾ മറന്നുതുടങ്ങിയിരിക്കുന്നു. ആരും നിയന്ത്രിക്കാനില്ലാത്തപ്പോൾ ജാഗ്രതയും സാമൂഹിക അകലവും മറക്കുന്നു. കോവിഡ് നമ്മളെയൊന്നും ബാധിക്കില്ലെന്ന ധാരണയിലേക്ക് ജനം എത്തിയിരിക്കുന്നു. വാരാന്ത്യദിനങ്ങളിൽ ദേശീയപാതയും ഇതര റോഡുകളും വാഹനങ്ങൾ കൊണ്ട് നിറയുന്നതാണ് കാഴ്ച.
പല ദിവസങ്ങളിലും ചുരം റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സമാണ്. പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും കോവിഡ് കാലത്ത് അനുവദിച്ചതിലും മൂന്നും നാലും ഇരട്ടി സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതും ഭീഷണിയാകുകയാണ്.
ഒരു സമയത്തു പരമാവധി 100 ആളുകളെ പ്രവേശിപ്പിക്കേണ്ടിടത്ത് അഞ്ഞൂറോളം പേരെ അകത്തുകയറ്റുന്ന കേന്ദ്രങ്ങളുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾക്കും പ്രവേശനം നൽകുന്നത് അപകടകരമായ അവസ്ഥ സംജാതമാക്കുന്നുണ്ട്. ആവശ്യത്തിനുള്ള പ്രതിരോധ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാരുമില്ല. ജില്ലയിലേക്ക് ഇതര ജില്ലകളിൽനിന്ന് ഒഴുക്ക് തുടരുമ്പോൾ ഒരു പരിശോധനയും ഇല്ലെന്നതാണ് സത്യം. കോവിഡ് രൂക്ഷമായ ജില്ലകളിൽനിന്നു വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. താമസ സ്ഥലം കിട്ടാതെ യുവാക്കൾ കാണുന്ന പീടിക വരാന്തകളിലും ബസ് സ്റ്റോപ്പുകളിലും കിടന്നുറങ്ങുന്ന കാഴ്ച പലയിടത്തും കാണാം.
ടൂറിസ്റ്റുകൾക്കുള്ള താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും കലക്ടർ നിയന്ത്രണം വെച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വഴിയരികിൽ വാഹനം നിർത്തി ഭക്ഷണം കഴിക്കുന്നതും അവശിഷ്ടങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നതും പതിവായി. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണവും. പൊതുചടങ്ങുകൾക്കും ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമുള്ളതിനാൽ സ്ഥാനാർഥികൾ ഭവന സന്ദർശനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. സ്ഥാനാർഥിക്കൊപ്പം പോകുന്നവരുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ല. സമൂഹിക അകലം പേരിനു മാത്രമായി. പലരും മാസ്ക് ധരിക്കുന്നില്ലെന്നു മാത്രമല്ല, പല സ്ഥാനാർഥികളും വീടുകൾക്കുള്ളിൽ വരെ എത്തി ഹസ്തദാനവും ആലിംഗനവും നടത്തുന്നതായും പരാതിയുണ്ട്.
കൽപറ്റ: ജില്ലയില്‍ കോവിഡ് വ്യാപനം വീണ്ടും 200 കടന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു.
ആദിവാസി കോളനികളിലും കോവിഡ് വ്യാപനം കൂടുന്നതായി കാണുന്നുണ്ട്. ഗൃഹസന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ആകാത്ത തരത്തില്‍ പ്രചാരണം നടത്തണമെന്നും ചെറുപ്പക്കാരില്‍ കോവിഡ് വ്യാപിക്കുന്നത് വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.