സുൽത്താൻ ബത്തേരി: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി തമിഴ്നാട്, കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കി. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കേ നിലവിൽ ജില്ലയിലേക്ക് പ്രവേശനമുള്ളൂ. കേരള പൊലീസും തമിഴ്നാട്, കർണാടക പൊലീസും അവരവരുടെ പരിധികളിൽ പരിശോധന നടത്തുന്നുണ്ട്.
മുത്തങ്ങ വഴി എത്തുന്നവർ കല്ലൂരിലെ കോവിഡ് ഫെസിലിറ്റേഷൻ സെൻററിൽ രേഖകൾ ഹാജരാക്കണം.
ടെസ്റ്റ് നടത്താതെ എത്തുന്നവർക്ക് അവിടെ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെയാണ് കല്ലൂരിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പരിശോധന കർശനമാക്കിയതോടെ മുത്തങ്ങ വഴി കർണാടകയിൽ നിന്നെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
തമിഴ്നാട്ടിൽ നിന്ന് ജില്ലയിലേക്ക് ആളുകൾ എത്തുന്നത് പ്രധാനമായും നാല് ചെക്ക് പോസ്റ്റുകൾ വഴിയാണ്. താളൂർ, കക്കുണ്ടി, നമ്പ്യാർകുന്ന്, പാട്ടവയൽ എന്നിവിടങ്ങളിലൂടെ എത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസ് ഈ നാല് സ്ഥലത്തും കാവലുണ്ട്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റാണ് കേരള പൊലീസ് ആവശ്യപ്പെടുന്നത്. ഇവിടെ നിന്നു അങ്ങോട്ടുപോകുന്നവർക്കും സർട്ടിഫിക്കറ്റ് ആവശ്യമാണ്.
അതേസമയം, തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് കടക്കാൻ നിരവധി ഊടുവഴികളുണ്ട്. അത്തരക്കാരെ തടയുന്നതിനുള്ള നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
അയ്യൻകൊല്ലിയിൽ നിന്നുള്ളവർ വെള്ളച്ചാൽ ചെക്ക്പോസ്റ്റിനടുത്ത കല്ലിൻകര റോഡുവഴി ചീരാലിൽ എത്തുന്നു. നീലഗിരി ജില്ലയിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിലുള്ളവർ അത്യാവശ്യ കാര്യങ്ങൾക്ക് സുൽത്താൻ ബത്തേരിയെ ആശ്രയിക്കുന്നവരാണ്.
സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർ നിരവധിയാണ്. അവരൊക്കെ അതിർത്തികളിലെ നിയന്ത്രണത്തിൽ വലഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.