ഗൂഡല്ലൂർ: മഴ കുറഞ്ഞതോടെ നീലഗിരിയിൽ തണുപ്പ് വ്യാപിക്കുന്നു. വൃശ്ചിക മാസ പുലരിക്ക് ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കേ നീലഗിരിയിൽ ഗൂഡല്ലൂരിലടക്കം അതിരാവിലെ കുളിരും വ്യാപിക്കുന്നു. ഊട്ടി, കുന്നൂർ, കോത്തഗിരി, മഞ്ചൂർ ഭാഗത്ത് മഞ്ഞുവീഴ്ച രൂക്ഷമായി.
ഇതോടെ തേയിലച്ചെടികളും പച്ചക്കറികളും കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണുള്ളത്. സാധാരണ നവംബർ അടുക്കുമ്പോഴാണ് തണുപ്പ് വർധിക്കാറ്. ഡിസംബറിലാണ് മഞ്ഞുവീഴ്ച രൂക്ഷമാവാറുള്ളത്. നവംബറിൽ ആരംഭിക്കുന്ന മഞ്ഞുവീഴ്ച മാർച്ച് ആദ്യവാരംവരെ തുടരുന്നതാണ് പതിവ്.
അതേസമയം ഇത്തവണ തണുപ്പ് നേരത്തെ ആരംഭിച്ചിരിക്കുകയാണ്. ഗൂഡല്ലൂരിൽ രാവിലെയാണ് കടുത്ത കുളിര് അനുഭവപ്പെടുന്നത്. ഊട്ടിയിൽ രണ്ടാം സീസൺ തുടങ്ങിയതോടെ കുളിരും തണുപ്പും അനുഭവിക്കാൻ വിദേശികളും ഉത്തരേന്ത്യൻ സഞ്ചാരികളടക്കം ധാരാളം പേർ എത്തുന്നുണ്ട്.
ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് കാണപ്പെടുന്നത്. മഞ്ഞുവീഴ്ചയിൽ നിന്ന് പൂക്കളെ സംരക്ഷിക്കാനുള്ള നടപടികൾ കാർഷിക വകുപ്പ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.